‘നിയമത്തെ പണവും സ്വാധീനവും ഉപയോഗിച്ച് തടയാന്‍ ബിജെപി വീണ്ടും ശ്രമിക്കുന്നു’

single-img
18 May 2018

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന കോണ്‍ഗ്രസിന്റെ നിലപാട് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി.ജെ.പിയുടെ പൊള്ളത്തരം കോടതി തള്ളിയിരിക്കുന്നു.

തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പണമൊഴുക്കിയും കായികമായും സുപ്രീംകോടതി മറികടക്കാനായിരിക്കും ഇനി ബി.ജെ.പി ശ്രമിക്കുകയെന്നും രാഹുല്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

അതേസമയം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കും തടയാന്‍ കോണ്‍ഗ്രസ് ജനതാദള്‍ (എസ്) സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍. നിര്‍ണായകമായ ഈ സമയ പരിധിക്കുള്ളില്‍ കയ്യിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കാനുള്ള ഓട്ടത്തിലാണ് പാര്‍ട്ടികള്‍. വിജയം അനിവാര്യമായതിനാല്‍ ഇനിയുള്ള മണിക്കൂറുകളില്‍ ഏത് ആയുധവും പരീക്ഷിക്കപ്പെടാം.

അധികാരം പിടിക്കാനുള്ള കളികള്‍ സുപ്രീംകോടതിയിലെത്തിയതോടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുന്നത് കോണ്‍ഗ്രസ് ജനാതാദള്‍ (എസ്) സംഖ്യത്തിനാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഗവര്‍ണര്‍ അനുവദിച്ച 15 ദിവസമെന്ന കാലാവധി തള്ളിയ സുപ്രീംകോടതി നാളെ വൈകിട്ട് നാലു മണിക്ക് വിശ്വാസവോട്ടെടുപ്പു നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നയപരമായ തീരുമാനങ്ങളെടുക്കരുതെന്നും എംഎല്‍എമാരെ സുരക്ഷിതരായി നിയമസഭയില്‍ എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി കോടതിയുടെ പരിഗണനയിലായതിനാല്‍ തന്ത്രങ്ങള്‍ രൂപീകരിക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരും.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിക്ക് കോടതിവിധി തിരിച്ചടിയാണ്. അവകാശവാദങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം തികയ്ക്കാനാവശ്യമായ എംഎല്‍എമാരെ അണിനിരത്താന്‍ ഇതുവരെ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ നയപരമായ തീരുമാനങ്ങളിലൂടെ സാഹചര്യത്തെ അനുകൂലമാക്കാനും സാധിക്കില്ല.

കര്‍ണാടകയില്‍ പരാജയപ്പെട്ടാല്‍ അതിന്റെ അലയൊലികള്‍ ദേശീയ തലത്തില്‍ വ്യാപിക്കുമെന്ന് ബിജെപിക്കറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്തു വിലകൊടുത്തും എംഎല്‍എമാരെ കൂടെ കൂട്ടാനാണ് ബിജെപി തയാറെടുക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ‘സുരക്ഷിത താവളങ്ങളിലായതിനാല്‍’ കുടുംബാംഗങ്ങള്‍ വഴിയാണ് വിലപേശല്‍. മറുവശത്തേക്കു ചാടാന്‍ തയാറായവര്‍ക്കു മന്ത്രിപദവിയും കുടുംബാംഗങ്ങള്‍ക്കു പദവികളും വാഗ്ദാനം ചെയ്യപ്പെടുന്നതായി ആരോപണമുണ്ട്.

മുന്‍തൂക്കം കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്തിന്: നാളെ കര്‍ണാടക നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇങ്ങനെ

സുപ്രീംകോടതി വിധിയില്‍ ബിജെപി തന്ത്രങ്ങള്‍ പാളി: വിശ്വാസവോട്ട് യെദ്യൂരപ്പയ്ക്കും ബിജെപിക്കും വലിയ വെല്ലുവിളി; ബിജെപി ക്യാമ്പുകളില്‍ എംഎല്‍എമാരെ ‘റാഞ്ചാന്‍’ തിരക്കിട്ട ഗൂഡാലോചന