150 കോടി രൂപയും മന്ത്രിസ്ഥാനവും തരാം: കോൺഗ്രസ്‌ എംഎൽഎയുമായുള്ള ബിജെപി നേതാവിന്റെ ഓഡിയോ പുറത്ത്

single-img
18 May 2018

കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിന്‍റെ തെളിവായി ഓഡിയോ ടേപ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ്. റയ്ച്ചൂര്‍ റൂറലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ബസന്‍ഗൗഡ ദദ്ദാലിന് ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി പണവും മന്ത്രിപദവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ്പ് ആണ് കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടത്.

ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകി. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്യുപ്പെട്ടതെന്നും ശബ്ദരേഖ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നു.

തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി നേരത്തെയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 104 സീറ്റുകളുള്ള ബിജെപിക്കൊപ്പം എട്ട് എംഎല്‍എമാര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ മന്ത്രിസഭ രൂപീകരിക്കാന്‍ സാധിക്കൂ. നാളെ വൈകുന്നേരത്തിനുള്ളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍നിന്ന് എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം.