15 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയുണ്ട്; വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി: കത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് മുകുള്‍ റോഹ്ത്തഗി

single-img
18 May 2018

കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എല്‍.എമാരുടെ പിന്തുണയുണ്ട് എന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ബി.ജെ.പിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി. മുഖ്യമന്ത്രിയുടെ കത്ത് കോടതിയില്‍ നല്‍കും. യെദിയൂരപ്പക്ക് ഭൂരിപക്ഷമുണ്ടെന്ന് ആ കത്തില്‍ നിന്ന് വ്യക്തമാകും. പിന്തുണ തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിയിലോ അല്ല നിയമസഭയിലാണ് എന്നും റോഹ്ത്തഗി പറഞ്ഞു.

കുതിരക്കച്ചവടം എന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കുന്നതു പോലെ മറ്റൊരു വഴിയിലാണ് പിന്തുണ നേടിയിട്ടുള്ളത് എന്നും മുകുള്‍ റോഹ്ത്തഗി പറഞ്ഞു. അതേസമയം, കേവല ഭൂരിപക്ഷമില്ലാത്ത യെദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചുവെന്നാരോപിച്ച് ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.

അതിനിടെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ 15 പേരുടെ പിന്തുണ ലഭിച്ചതോടെ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. സഭയില്‍ വിശ്വാസവോട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ആര്‍.അശോക് ഇതിനോടകം തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ബി.ജെ.പി അനുകൂല തീരുമാനമെടുക്കുമെന്ന ആശങ്ക ശക്തിപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ വരികയും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യമുണ്ടാക്കുകയും ചെയ്തതോടെ മാന്ത്രിക സംഖ്യയായ 112ലെത്താന്‍ ബി.ജെ.പി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 104 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പിക്ക് ഇനി എട്ട് അംഗങ്ങള്‍ കൂടി വേണം.