തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി ബി.എസ്.യെദ്യൂരപ്പ

single-img
17 May 2018

ബെംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്.

വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളുന്നത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് കര്‍ണാടക ജനതയ്ക്ക്, പ്രത്യേകിച്ച് പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗം ജനതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ അധാര്‍മികമായ കൂട്ടുക്കെട്ടിലൂടെ ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച യെദ്യൂരപ്പ വിശ്വാസവോട്ട് നേടുമെന്നും ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്നു രാവിലെ ഒമ്പതുമണിക്കാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായുള്ള യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സുപ്രീം കോടതി തള്ളിയത്.