ചരിത്രത്തിലിടം പിടിച്ച സുപ്രീംകോടതിയുടെ ‘രാത്രിവിധികള്‍’

single-img
17 May 2018

ഇതാദ്യമായല്ല പരമോന്നത കോടതി വിധികള്‍ക്കായി രാജ്യം ഉറക്കമിളച്ച് കാത്തിരുന്നത്. യാക്കൂബ് മേമനു വധശിക്ഷ വിധിക്കുന്നതിനും നിഥാരി കൂട്ടക്കൊലക്കേസിലെ വിധിയുമെല്ലാം സുപ്രീംകോടതി പ്രഖ്യാപിച്ചത് പുലര്‍ച്ചെയായിരുന്നു. യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചപ്പോള്‍ നിഥാരി കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു കോടതി ചെയ്തത്. പക്ഷേ ഇത്രയധികം പ്രധാന്യം അതിന് ലഭിച്ചിരുന്നില്ല.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി അപ്രതീക്ഷിതമായാണ് രാത്രിയേറെ വൈകി സുപ്രീംകോടതി പരിഗണിച്ചത്. മൂന്നര മണിക്കൂറോളം വാദം നടന്നെങ്കിലും സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

2015 ജൂലായ് 30ന് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായി സുപ്രീംകോടതി പുലര്‍ച്ച വാദം കേട്ടെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഇപ്പോള്‍ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. 4.55 ഓടെ ഹര്‍ജി തള്ളുകയും 6.43ന് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.

യാക്കൂബ് മേമന്‍, കര്‍ണാടക കേസുകളില്‍ ഹര്‍ജിക്കാരനെതിരായാണ് പുലര്‍ച്ചയെണ്ടായ കോടതി വിധിയെങ്കില്‍ നിഥാരി കേസില്‍ ഹര്‍ജിക്കാരന് അനുകൂല വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഈ വിധിയുണ്ടായത്. 2014 സെപ്റ്റംബര്‍ എട്ടിന് ജസ്റ്റിസുമാരായ എച്ച്. ആര്‍.ദത്തു, എ.ആര്‍.ദാവെ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.