കര്‍ണാടകയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകീയതയില്‍ സുപ്രീംകോടതിയില്‍ ഇന്ന് പുലര്‍ച്ചെ നടന്നത് അസാധാരണ നടപടികള്‍: ഒടുവില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നല്‍കി വിധി പറഞ്ഞത് പുലര്‍ച്ചെ 4.15ന്

single-img
17 May 2018

സുപ്രീംകോടതിയില്‍ പുലര്‍ച്ചെ നടന്ന വാശിയേറിയ അസാധാരണ വാദംകേള്‍ക്കലില്‍ കോണ്‍ഗ്രസിനു തിരിച്ചടി; കര്‍ണാടകയില്‍ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ടുമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണു മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിപ്പിച്ചത്. കര്‍ണാടക ഗവര്‍ണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി, ഗവര്‍ണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു.

കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയില്‍ ഹാജരായത്. ഭരണഘടന, നിയമവ്യവസ്ഥ, കീഴ്‌വഴക്കങ്ങള്‍ എന്നിവ ലംഘിച്ച് നടത്തിയ രാഷ്ട്രീയ തീരുമാനമാണ് ഗവര്‍ണര്‍ നടത്തിയതെന്നും യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് കര്‍ണാടകയില്‍ നടന്നിരിക്കുന്നത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കേണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷമുള്ളവരെയാണ് ആദ്യം ക്ഷണിക്കേണ്ടത്. ഇത് സംബന്ധിച്ച സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവസാനം മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ പരിഗണിക്കാവൂ. കുതിരക്കച്ചവടത്തിനുള്ള അവസരമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സിംഗ്‌വി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിനെ പിന്തുണച്ച് എം.എല്‍.എമാര്‍ നല്‍കിയ കത്തും അദ്ദേഹം കോടതിയില്‍ ഹാജരാക്കി.

യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ചതിനെയും സിംഗ്‌വി ചോദ്യം ചെയ്തു. താന്‍ നല്‍കിയ കത്തില്‍ പോലും ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നത് ഏഴ് ദിവസമാണ്. എന്നാല്‍ ഗവര്‍ണര്‍ തന്റെ തന്നിഷ്ടം പോലെ 15 ദിവസം നല്‍കുകയായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 48 മണിക്കൂറാണ് അനുവദിച്ചിരിന്നതെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി. എന്നാല്‍ യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഏത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് കോടതി ബി.ജെ.പിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.

എന്നാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്നാണ് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗിയുടെ വാദം. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം വിളിക്കുകയെന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാതിരാത്രിയില്‍ പരിഗണിക്കേണ്ട എന്ത് പ്രാധാന്യമാണ് ഈ കേസിനുള്ളതെന്നും അദ്ദേഹം കോടതിയോട് ചോദിച്ചു.

ഇതിനു പിന്നാലെ ഗോവ കേസിലെ വിധി സിംഗ്‌വി കോടതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. ഗോവയിലെ വലിയ കക്ഷിയായിട്ടും ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. എന്നാല്‍ വാദത്തില്‍ കോടതി കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ മനു അഭിഷേക് സിംഗ്‌വി മറ്റൊരു വാദം ഉന്നയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കും. എന്നാല്‍ അങ്ങനെ ഇടപെടാനുള്ള തെളിവുകളെവിടെ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്.

യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്‌വി കോടതിയോട് ആരാഞ്ഞു. ഇതിലൂടെ ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമെന്ന് ഉറച്ചുപറയുകയായിരുന്നു സിംഗ്‌വി.

പിന്നാലെ യദ്യൂരപ്പയുടെ കത്തിന്റെ കോപ്പി കോടതിയില്‍ സിംഗ്‌വി ഹാജരാക്കി. എന്നാല്‍ ഈ രാത്രി പോലെ ഇരുണ്ടതാണല്ലോ കത്തിന്റെ പകര്‍പ്പ് എന്നായിരുന്നു കത്തില്‍ കോടതിയുടെ പരാമര്‍ശം. കത്ത് ഹാജരാക്കിയെങ്കിലും കോടതിയെ വിശ്വാസത്തിലേടുക്കാന്‍ സിംഗ്‌വിക്കായില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം റദ്ദ് ചെയ്യണ്ട, സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിംഗ്‌വി വാദം അവസാനിപ്പിക്കുകയായിരുന്നു.

ഇതും കോടതി തള്ളി. എന്നിരുന്നാലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്താല്‍, ഇതില്‍ ഇടപെടാന്‍ കോടതിക്കു കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത് വിധിയില്‍ രേഖപ്പെടുത്തണമെന്ന് സിംഗ്വി ആവശ്യപ്പെടുകയും കോടതി ഈ ആവശ്യം സ്വീകരിക്കുകയും ചെയ്തു.