കര്‍ണാടകയില്‍ പ്രതിഷേധം കനക്കുന്നു: പുതിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും ജെഡിഎസ്സും

single-img
17 May 2018

ബംഗളൂരു: അനിശ്ചിതത്ത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ ആഘോഷങ്ങള്‍ക്ക് പിന്നാലെ വിധാന്‍ സൗധയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഖെലോട്ട്, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്.

ഈഗള്‍ട്ടന്‍ റിസോര്‍ട്ടിലുള്ള 76 എംഎല്‍എമാരേയും വിധാന്‍ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎല്‍എമാര്‍ ഉടന്‍ എത്തുമെന്നും നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പിന്നാലെ ജെഡിഎസ് എംഎല്‍എമാരും വിധാന്‍ സൗധയിലേക്ക് എത്തിയിട്ടുണ്ട്.

ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് സത്യാഗ്രഹമിരുന്ന് കൊണ്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റിസോര്‍ട്ടിലുണ്ടായിരുന്ന എംഎല്‍എമാരെ വിധാന്‍സൗധയ്ക്കു മുന്നില്‍ അണിനിരത്തി പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ്സ് തുടക്കം കുറിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം നല്‍കുകയാണ് സത്യാഗ്രഹ നീക്കത്തിലൂടെ കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നത്. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്.

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

യെദിയൂരപ്പയ്ക്ക് എം.എല്‍.എമാര്‍ പിന്തുണ നല്‍കുന്ന കത്ത് വെള്ളിയാഴ്ച രാവിലെ 10.30നകം ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ കേസില്‍ വീണ്ടും വാദം തുടരും.