കോടികള്‍ വാഗ്ദാനം, ഭീഷണി, ഒടുവില്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തി?: മോദി സര്‍ക്കാരെ.. ഇത് ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്: ഇത് തീക്കളി

single-img
17 May 2018

ബംഗളുരു: അധികാരത്തിനായി വടംവലിയും രാഷ്ട്രീയകുതിരക്കച്ചവടവും നടക്കുന്ന കര്‍ണാടകയില്‍ കൂറുമാറ്റം തുടരുന്നു. സ്വന്തം പാളയത്തിലുള്ളവരെ കൂടെനിര്‍ത്താന്‍ കഴിയാതെ കാഴ്ചക്കാരായി ഇരിക്കുകയാണ് കോണ്‍ഗ്രസ്.
ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തിയതായാണ് സൂചന.

പ്രതാപ്ഗൗഡ പാട്ടീലാണ് ബിജെപിയ്‌ക്കൊപ്പം പോയ രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എ. മാസ്‌കി മണ്ഡലത്തില്‍ നിന്നാണ് പ്രതാപ്ഗൗഡ വിജയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ബിജെപി സ്വകാര്യവിമാനത്തില്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.

കര്‍ണാടകയിലെ ഏറ്റവും പാവപ്പെട്ട എംഎല്‍എ എന്ന് വിശേഷിപ്പിക്കപ്പെട്ട ആളായിരുന്നു പ്രതാപ്ഗൗഡ. 2013 ല്‍ അദ്ദേഹത്തിന്റെ ആസ്തി 40 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇത്തവണ നല്‍കിയ സത്യവാങ്മൂലത്തില്‍ ആകെ ആസ്തിയായി കാണിച്ചിരിക്കുന്നത് 5.5 കോടിരൂപയാണ്. 213 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രതാപ് ഇത്തവണ വിജയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് വന്ന ബസില്‍ പ്രതാപ്ഗൗഡ ഉണ്ടായിരുന്നില്ല. ഇന്ന് വിധാന്‍സൗധയ്ക്ക് മുന്നില്‍ നടന്ന സത്യാഗ്രത്തിലും അദ്ദേഹത്തെ കണ്ടില്ല. പാര്‍ട്ടി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പിന്നീടാണ് ഇദ്ദേഹം ബംഗളുരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യവിമാനത്തില്‍ പറന്നതായി മനസിലായത്. ബിജെപിയുടെ സോമശേഖര്‍ റെഡ്ഡിയാണ് ഈ ഓപ്പറേഷന് പിന്നിലെന്നാണ് വിവരം.

അതേസമയം, എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍മന്ത്രി ഡികെ ശിവകുമാറും അവകാശപ്പെട്ടു. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന് സ്വതന്ത്രരുടെ ഉള്‍പ്പെടെ 118 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗ് ബിജെപി പക്ഷത്ത് എത്തിയതായി പാര്‍ട്ടി വക്താവ് ഡികെ സുരേഷ് സ്ഥിരീകരിച്ചു. തങ്ങളുടെ എംഎല്‍എയെ ബിജെപി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ആനന്ദ് സിംഗിനെ സ്വന്തം വരുതിയിലാക്കിയതെന്ന് കുമാരസ്വാമി ആരോപിച്ചു. ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ ജീവന് ഭീഷണിയാണെന്ന് ആനന്ദ് മറ്റൊരു എംഎല്‍എയോട് വ്യക്തമാക്കിയതായും കുമാരസ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ആനന്ദ് സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. 2013 ല്‍ വിജയനഗരിയില്‍ നിന്നായിരുന്നു ആനന്ദ് സിംഗ് വിജയിച്ചത്. റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത സുഹൃത്താണ് ആനന്ദ് സിംഗ്.

സര്‍ക്കാര്‍ തുലാസില്‍: കര്‍ണാടകയില്‍ ബിജെപിക്ക് നാളെ നിര്‍ണായകദിനം: ‘ജനാധിപത്യത്തിനായി’ എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്