‘കര്‍ണാടക ബ്രേക്കിങ് ന്യൂസ്…!!! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു; 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം…’

single-img
17 May 2018

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. ഹോളിഡേ റിസോര്‍ട്ട് മാനേജര്‍ ഗവര്‍ണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എല്‍.എമാരുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തുവെന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

ട്വീറ്റിന്റെ പൂര്‍ണരൂപം:

കര്‍ണാടക ബ്രേക്കിങ് ന്യൂസ്… ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു. 116 എം.എല്‍.എമാര്‍ അവരുടെ കൈവശമുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണ്.

അതേസമയം കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചതോടെ കോണ്‍ഗ്രസും ജെ.ഡി.എസും എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്നും പുറത്തേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. ജെ.ഡി.എസ് എം.എല്‍.എമാരെ ഹൈദരാബാദിലേക്കും കോണ്‍ഗ്രസ് എം.എല്‍.എമാരെ കേരളത്തിലേക്കും മാറ്റുമെന്നാണ് സൂചന.

ഇതിനായി ആലപ്പുഴയിലും കൊച്ചിയിലും അന്വേഷണം നടന്നതായി സൂചനയുണ്ട്. അതിനിടെ എം.എല്‍.എമാര്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പി പാളയത്തില്‍ എത്തിയത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിംഗ് ബി.ജെ.പിയുടെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ് സ്ഥിരീകരിച്ചു. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബി.ജെ.പി ക്യാംപിലാണെന്ന് സ്ഥിരീകരിച്ചത്.