ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു; യാത്രക്കാരോട് ക്ഷമ ചോദിച്ച് ജപ്പാന്‍ റെയില്‍വേ

single-img
17 May 2018

ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുമുള്ള റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്നതാണ് ജപ്പാനിലേത്. എന്നാല്‍ ജപ്പാന്‍ റെയില്‍വേ സര്‍വീസിനും തെറ്റ് പറ്റിയിരിക്കുകയാണ്. അതിനവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. നിഷി ആകാഷി സ്റ്റേഷനില്‍ നിന്നും നോട്ടോഗോവാ സ്റ്റേഷനിലേക്ക് ഒരു ട്രെയിന്‍ നേരത്തെ പുറപ്പെട്ടതിനാണ് റെയില്‍വേ ക്ഷമ ചോദിച്ചത്.

വെസ്റ്റ് ജപ്പാന്‍ റെയില്‍വേയാണ്് വെബ്‌സൈറ്റിലൂടെ യാത്രക്കാരോട് മാപ്പപേക്ഷ നടത്തിയത്. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നു. ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തെറ്റുകള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

പകല്‍ 7.12 ന് പുറപ്പെടേണ്ട ട്രെയിന്‍ 07:11:35ന് പുറപ്പെട്ടു. അതായത് കേവലം 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു. ഈ തെറ്റിനാണ് റെയില്‍വേ യാത്രക്കാരോട് മാപ്പ് പറഞ്ഞത്. ഈ സമയം ട്രെയിനില്‍ കയറാന്‍ കാത്തു നിന്നവരിലൊരാളാണ് സ്റ്റേഷന്‍ മാസ്റ്ററോട് പ്രശനം അവതരിപ്പിച്ചത്.

പുറപ്പെടേണ്ട സമയം തെറ്റായി റെയില്‍വേ കണ്ടക്ടര്‍ മനസിലാക്കിയതാണ് തെറ്റ് സംഭവിക്കാന്‍ കാരണമായതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും റെയില്‍വേ കമ്പനി വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ ത്സുക്കുബ റെയില്‍വേ മാനേജര്‍മാരും ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ പരാതി രേഖപ്പെടുത്തിയില്ലെന്നതും ജപ്പാന്റെ റെയില്‍വേ സംവിധാനത്തിന്റെ മികവായി കണക്കാക്കിയിരുന്നു.