ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധം: ഗവര്‍ണര്‍ ചെയ്തത് ദേവഗൗഡയോട് 22 വര്‍ഷം മുമ്പുള്ള പകവീട്ടല്‍

single-img
17 May 2018

രാഷ്ട്രീയ തര്‍ക്കങ്ങള്‍ എന്നതിനപ്പുറം ഒരു പ്രതികാരത്തിന്റെ കഥകൂടിയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ വഴിത്തിരിവായത്. പഴയ ബിജെപി നേതാവ് എന്നതിലപ്പുറം യദ്യൂരപ്പയെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍ വിളിച്ചതിനുള്ള മറ്റൊരു കാരണങ്ങളിലൊന്നില്‍ പഴയ ചരിത്രവുമുണ്ട്.

മുതിര്‍ന്ന ജെഡിഎസ് നേതാവും കുമാരസ്വാമിയുടെ പിതാവുമായ എച്ച്. ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണ്ണര്‍ വാജുവാലയുമായുണ്ടായ പ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

1996ല്‍ ബിജെപിയുടെ സുരേഷ് മെഹ്ത സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നതിനിടെയാണ് ഗുജറാത്തില്‍ നാടകീയ സംഭവങ്ങളുണ്ടായത്. അന്ന് വാജുഭായ് വാല ഗുജറാത്തിലെ ബിജെപി അധ്യക്ഷന്‍ ആയിരുന്നു.
182 അംഗ നിയമസഭയില്‍ 121 എംഎല്‍എമാരുമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

അതായത് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ കേവല ഭൂരിപക്ഷത്തിനും മേലെ. എന്നാല്‍ കോണ്‍ഗ്രസ് ഇടപെട്ട് ബിജെപി നേതാവായിരുന്ന ശങ്കര്‍ സിങ് വഗേലയെ ബിജെപി വിമതനാക്കി. അന്ന് അദ്ദേഹം കലാപക്കൊടി ഉയര്‍ത്തി പറഞ്ഞത് തനിക്ക് 40 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണ്ണര്‍, സുരേഷ് മെഹ്തയോട് ഭൂരിപക്ഷം തെളിയിക്കാന്‍ പറഞ്ഞു.

എന്നാല്‍ സഭാന്തരീക്ഷം കലുഷിതമായതിനെത്തുടര്‍ന്ന് സുരേഷ് മെഹ്ത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരന്ന ദേഗഗൗഡ മുന്നിട്ടിറങ്ങി. ഇതോടെ സുരേഷ് മെഹ്ത സര്‍ക്കാരിനെ പിരിച്ചുവിട്ടു കൊണ്ട് അന്നത്തെ രാഷ്ട്രപതി ഉത്തരവും പുറപ്പെടുവിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയ്ക്ക് വാജുഭായിയുടെ മുഖത്തേറ്റ അടിയായിരുന്നു അത്. ദേവഗൗഡയ്‌ക്കെതിരെ അന്ന് വാജ്‌പേയ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ആ പഴയ പക ഗവര്‍ണ്ണര്‍ വാജുഭായ് തന്റെ മകനോട് പുറത്തെടുക്കുമോ എന്ന ആശങ്ക ദേവഗൗഡയ്ക്കുണ്ടായിരുന്നു.

ആ ആശങ്ക അസ്ഥാനത്തായില്ലെന്ന് തന്നെയാണ് ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ കൈക്കൊണ്ട തീരുമാനത്തില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുക. പ്രത്യേകിച്ചും ഗവര്‍ണ്ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

കര്‍ണാടക നിയമ സഭാ തിരഞ്ഞെടുപ്പിലുടനീളം ജനതാദളിനോട് ബി.ജെ.പിക്ക് മൃദുസമീപനമായിരുന്നു. ജനതാദള്‍ എസിന് 38 സീറ്റ് ലഭിക്കാന്‍ കാരണം ഒരു തരത്തില്‍ ബി. ജെ.പി.യാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ജനതാദളിന് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിസ്ഥാനം വെച്ചു നീട്ടിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. എന്നാല്‍, കുമാരസ്വാമിയുടെ മലക്കംമറിച്ചില്‍ ബി.ജെ.പി.യെയും ഞെട്ടിച്ചു. ഇതിനു പകരംവീട്ടുകയെന്ന ലക്ഷ്യവും ഗവര്‍ണ്ണറുടെ തീരുമാനത്തിന് പിന്നിലുണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

മാത്രമല്ല ഗുജറാത്തിലെ പ്രമുഖനായ ബി.ജെ.പി നേതാവായിരുന്നു വാജുഭായ് വാല. 2002ല്‍ മോദിക്ക് മത്സരിക്കാനായി സ്വന്തം സീറ്റ് വിട്ടുകൊടുത്തയാളാണ് അദ്ദേഹം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു വാജുഭായ്. ഈ ചരിത്രം ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനം ബി.ജെ.പി അനുകൂലമായേക്കുമെന്ന നേരത്തെ അനുമാനങ്ങളുണ്ടായിരുന്നു