കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തില്‍ അന്തംവിട്ട് മോദിയും അമിത് ഷായും: ഗോവയിലെ ബിജെപി ഭരണവും പ്രതിസന്ധിയില്‍

single-img
17 May 2018

തോല്‍വിയിലും സാധ്യതകള്‍ മുതലാക്കി പ്രായോഗിക രാഷ്ട്രീയ തന്ത്രജ്ഞതയുടെ ചടുല നീക്കം, ത്രിശങ്കു തിരഞ്ഞെടുപ്പു ഫലം കര്‍ണാടകയില്‍ തുറന്നിട്ട സാധ്യതകളെ തങ്ങള്‍ക്കനുകൂലമാക്കി കോണ്‍ഗ്രസ് നടത്തിയ ആ നീക്കം ബിജെപിയെ ഞെട്ടിച്ചിരുന്നു.

എന്തു വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക എന്ന ദൗത്യം നടപ്പാക്കാന്‍ സോണിയ നേരിട്ടു ചരടുവലിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പിറവിയെടുത്തു. ഇതിനെതിരെ മോദിയും അമിത് ഷായും ഗവര്‍ണറെ ഉപയോഗിച്ച് നടത്തിയ കരുനീക്കത്തില്‍ താല്‍ക്കാലിക ജയം ബിജെപിക്കായിരുന്നെങ്കിലും ഇപ്പോള്‍ കടിഞ്ഞാണ്‍ സുപ്രീം കോടതിയുടെ കയ്യിലാണ്.

നാളെയാണ് കര്‍ണാടകയിലെ ഈ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിനിടിയിലാണ് കര്‍ണാടകയില്‍ ബിജെപി പയറ്റിയ അതേ തന്ത്രം കോണ്‍ഗ്രസ് തിരിച്ചു പ്രയോഗിക്കാന്‍ പോകുന്നത്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ചത് ഗോവയുടെ കാര്യത്തിലും പിന്തുടരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ പോകുകയാണ്.

ഈ വാര്‍ത്ത വന്നതുമുതല്‍ ബിജെപി നേതാക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ ബിജെപി നേതാക്കള്‍ ഒരു എതിരാളി പോലും അല്ല എന്ന് പറഞ്ഞ് എഴുതി തള്ളിയിരിക്കുന്ന ഘട്ടത്തിലാണ് പുതിയ പരീക്ഷണങ്ങള്‍ വരുന്നത് എന്നത് ബിജെപി ക്യാമ്പിനെ ഞെട്ടിച്ചു.

പുതിയ നീക്കത്തിലെ ധാര്‍മികത ചോദ്യം ചെയ്യാന്‍ ബിജെപിക്കു കഴിയില്ലെന്നതും ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കിയത് അവര്‍ തന്നെയാണെന്നതും രണ്ടും കല്‍പിച്ചുള്ള നീക്കത്തിലേക്കു കോണ്‍ഗ്രസിനെ നയിച്ചു. ഫലമുണ്ടായാലും ഇല്ലെങ്കിലും ബിജെപിക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് അനിവാര്യമാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കര്‍ണാടകയില്‍ ഏകപക്ഷീയമെന്നു ബിജെപി കരുതിയ ഫലത്തെ കീഴ്‌മേല്‍ മറിച്ചു, കാര്യങ്ങള്‍ തങ്ങളുടെ കോര്‍ട്ടിലാക്കുക എന്ന തന്ത്രം കോണ്‍ഗ്രസ് പിഴവുറ്റ വിധം നടപ്പാക്കി. ഇനി അതേ കളി ഗോവയിലും.

ഗോവയില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനായില്ല. മറ്റ് പാര്‍ട്ടികളെ കൂട്ടുപിടിച്ച് രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

40 അംഗ നിയമസഭയില്‍ 16 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഈ എം.എല്‍.എമാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം നല്‍കണമെന്നാകും കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടുക. ഗോവയില്‍ ബി.ജെ.പിക്ക് 14 സീറ്റാണ് ലഭിച്ചത്. എന്നാല്‍, എം.ജി.പി, ജി.എഫ്.പി, എന്‍.സി.പി എന്നീ കക്ഷികളേയും മൂന്ന് സ്വതന്ത്രന്മാരേയും കൂട്ടുപിടിച്ചാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്.