ഫെയ്‌സ്ബുക്ക് 58 കോടി വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കി

single-img
17 May 2018

2018ലെ ആദ്യ മൂന്നുമാസങ്ങളില്‍ ഫെയ്‌സ്ബുക്ക് 58 കോടി വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കി. കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനുശേഷം നടപ്പാക്കിയ സുതാര്യതാ നടപടികള്‍ വിശദീകരിക്കുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തല്‍.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 58 കോടി 30 ലക്ഷം വ്യാജ അക്കൗണ്ടുകളാണ് റദ്ദാക്കിയത്. പ്രതിദിനം ദശലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സമൂഹമാധ്യമ ഭീമന്‍ വ്യക്തമാക്കി.

ലൈംഗീകതയും ഭീകരതയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും ഭീകരവാദം പടര്‍ത്തുന്ന സന്ദേശങ്ങളും പോസ്റ്റുചെയ്തതിന് 3 കോടി അക്കൗണ്ടുകള്‍ക്ക് താക്കീതും നല്‍കി. ഉപയോക്താക്കള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു മുന്‍പുതന്നെ ഇത്തരത്തിലുള്ള 85 ശതമാനം കേസുകളിലും നടപടിയെടുക്കാനായെന്നാണ് ഫെയ്‌സ്ബുക്കിന്റെ അവകാശവാദം.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സംശയിക്കപ്പെട്ട ഇരുനൂറോളം ആപ്പുകളും റദ്ദാക്കിയിട്ടുണ്ട്. ഭീകര ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രവണത മുന്‍പത്തേതിനേക്കാള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പോസ്റ്റുചെയ്തതിന് 3 ലക്ഷത്തി നാല്‍പതിനായിരം പേര്‍ക്കെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്.

പത്തുലക്ഷത്തോളം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തു. 20 ലക്ഷം വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. ലൈംഗീകതയും നഗ്‌നതാ പ്രദര്‍ശനവുമാണ് ഫെയ്‌സ്ബുക്ക് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇത്തരത്തിലുള്ള 2 കോടി 10 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ മുന്നിറിയിപ്പ് നല്‍കി. സുതാര്യതാ നടപടികള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍, ഇ വിഭാഗത്തെ ശക്തമാക്കുമെന്ന് ഫെയ്‌സ്ബുക്ക് ആഗോള നയരൂപീകരണ സമിതിയുടെ മേധാവി മോണിക്ക ബിക്കെറ്റ് വ്യക്തമാക്കി. ഇതിനായി മൂവായിരം പേരെ അധികമായി നിയമിക്കും.