യെദ്യൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു; നാളെ സത്യപ്രതിജ്ഞ നടത്താന്‍ നീക്കം: മൂന്ന് എം.എല്‍.എമാരെ ബന്ധപ്പെടാനായില്ല; ആശങ്കയോടെ കോണ്‍ഗ്രസ്

single-img
16 May 2018

ബംഗളുരു: സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി കേവലഭൂരിപക്ഷമായ 113 എന്ന മാന്ത്രികസംഖ്യ തികയ്ക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ്.

മറ്റുപാര്‍ട്ടികളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുക എന്നതാണ് ബിജെപിക്ക് മുന്നിലുള്ള ഏക പോംവഴി. അതിനുള്ള നടപടികള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഇതിനിടെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു.

ബെംഗളൂരില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അനുവാദം ചോദിക്കാന്‍ യെദ്യൂരപ്പ വീണ്ടും രാജ്ഭവനിലേക്ക് തിരിച്ചു.

ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യെദ്യൂരപ്പ അറിയിച്ചിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.

ഭൂരിപക്ഷം തെളിയിക്കാനായാല്‍ ബിജെപിയെ തന്നെയായിരിക്കും ഗവര്‍ണര്‍ ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. അതേസമയം, ഭൂരിപക്ഷം തെളിയിച്ച് ഇന്നലെതന്നെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഗവര്‍ണറെ കണ്ടിരുന്നു. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ ഒപ്പോടുകൂടിയ കത്തും കൈമാറിയിരുന്നു.

ഇതിനിടെ കര്‍ണാടകത്തില്‍ ബി.ജെ.പി കുതിക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നല്‍കിയെന്നും ബി.ജെ.പിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തില്‍ 78 അംഗങ്ങളില്‍ 58 പേര്‍ മാത്രമാണ് എത്തിയത്. അതേസമയം മൂന്ന് എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയാത്തത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. രാജശേഖര്‍ പാട്ടീല്‍, നരേന്ദ്ര, ആനന്ദ് സിംഗ് എന്നിവരെയാണ് ബന്ധപ്പെടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയത്. ഇവരെ ബി.ജെ.പി ചാക്കിട്ട് പിടിച്ചതാണോയെന്നാണ് കോണ്‍ഗ്രസിന്റെ സംശയം. എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എം.എല്‍.എമാര്‍ എത്താത്തിനെ തുടര്‍ന്ന് വൈകുകയാണ്.

അതേസമയം, എല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസിനൊപ്പം ഉണ്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ രൂപീരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ബി.ജെ.പിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ രംഗത്തെത്തി. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ ദിവസവും ബി.ജെ.പി സമ്മര്‍ദ്ദം ശക്തമാക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.