കർണാട‌കയിൽ ബിജെപി; യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ രാവിലെ ഒൻപതരയ്ക്ക്

single-img
16 May 2018

ബെംഗളൂരു: കർണാട‌കയിൽ ബി.എസ്‍.യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ നാളെ രാവിലെ ഒൻപതരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നു റിപ്പോർട്ട്. ഗവർണർ യെഡിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നു ഗവർണർ മുന്നേ അറിയിച്ചിരുന്നു.

കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവർണർ നിയമോപദേശം തേടിയത്. ഇതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാരെ അതാതു പാർട്ടികൾ റിസോര്‍ട്ടുകളിലേക്കു മാറ്റിയിരുന്നു. കർണാടകയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശം ഉന്നയിച്ചു ജെഡിഎസ്– കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു.

യെഡിയൂരപ്പ രാവിലെ തന്നെ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു. ഇതിനിടെ, രാജ്ഭവനു മുന്നില്‍ ജനതാദള്‍ എംഎല്‍എമാര്‍ പ്രതിഷേധിച്ചത് ഉദ്വേഗം വര്‍ധിപ്പിച്ചു. ഗവര്‍ണര്‍ക്കും ബിജെപിക്കും എതിരെ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാന്‍ അണികള്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഒരു ജെഡിഎസ് എംഎൽഎയ്ക്ക് 100 കോടി വീതം നൽകാമെന്നാണു ബിജെപിയുടെ വാഗ്ദാനമെന്നു കുമാരസ്വാമി ആരോപിച്ചു.