ഡെന്‍മാര്‍ക്കില്‍ 200 വര്‍ഷത്തിന് ശേഷമെത്തിയ ചെന്നായയെ വെടിവെച്ചുകൊന്നു; വീഡിയോ വൈറലാകുന്നു

single-img
16 May 2018

https://www.youtube.com/watch?time_continue=10&v=pj9hUroid1c

200 വര്‍ഷത്തിന് ശേഷം ഡെന്‍മാര്‍ക്കിലെത്തിയ ചെന്നായയെ ഒരാള്‍ അനധികൃതമായി വെടിവെച്ചുകൊന്നു. ജര്‍മ്മന്‍ അതിര്‍ത്തിയിലെ ഉള്‍ഫോര്‍ഗിലെ വനപ്രദേശത്ത് നിന്ന് ഡെന്‍മാര്‍ക്കിലെത്തിയ ചെന്നായക്കൂട്ടത്തിലെ ഒന്നിനെയാണ് വനമേഖലയ്ക്കു സമീപത്തു വച്ച് വെടിവച്ചു കൊന്നത്.

ചെന്നായ ഓടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡെന്‍മാര്‍ക്കിലെ നിയമമനുസരിച്ച് ചെന്നായ്ക്കള്‍ ഉള്‍പ്പടെ ഏതൊരു വന്യജീവിയേയും കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. വ്യാപകമായ വേട്ടയെ തുടര്‍ന്നാണ് ഏതാണ്ട് 200 വര്‍ഷം മുന്‍പ് ഡെന്‍മാര്‍ക്കിലെ ചെന്നായ്ക്കള്‍ക്ക് വംശനാശം സംഭവിച്ചത്.

തുടര്‍ന്ന് ഇവയെ തിരികെ ഡെന്‍മാര്‍ക്കിലേക്കെത്തിക്കാന്‍ പല ശ്രമങ്ങള്‍ നടന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ജനവാസ കേന്ദ്രങ്ങളായിരുന്ന പല പ്രദേശങ്ങളും ഇപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണ്.

ഇതോടെയാണ് ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്ന് ചെന്നായ്ക്കള്‍ ഡെന്‍മാര്‍ക്കിലെ ഈ മേഖലയിലേക്കെത്തിയത്. ആറ് വയസ്സുള്ള പെണ്‍ ചെന്നായയാണ് കൊല്ലപ്പെട്ടത്. വെടിവച്ചയാള്‍ ഉള്‍ഫ് ബര്‍ഗ് സ്വദേശിയായ 66കാരനാണെന്ന് പൊലീസ് പറഞ്ഞു.

ചെന്നായയെ വെടി വച്ചയുടനെ ഇയാള്‍ കാറുമെടുത്ത് കടന്നുകളഞ്ഞു. പിന്നീട് ഇയാളുടെ വീട്ടില്‍ നിന്ന് വാഹനവും തോക്കും പൊലീസ് കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ക്കും ചോദ്യംചെയ്യലിനും ശേഷം ഇയാളെ അറസ്റ്റ് ചെയ്യും.