‘എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്‍ അഴിമതിക്കാരുടെ അടിമ’: ഇസ്‌ലാം നാമധാരികളെ ജിഹാദി എന്ന് അടച്ചാക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

single-img
16 May 2018

കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. കര്‍ണാടക മുഴുവന്‍ ബിജെപിയെ ജയിപ്പിച്ചതിന്റെ അഹങ്കാരം വല്ലതുമുണ്ടോയെന്നു ചോദിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഫോട്ടൊയ്‌ക്കൊപ്പം അമല്‍ ഉണ്ണിത്താന്റെ കമന്റ്.

വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ‘എന്റെ വോട്ട് ബിജെപി ക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്നു മറ്റൊരു പോസ്റ്റും അമല്‍ വൈകാതെ സമൂഹമാധ്യമത്തില്‍ ഇട്ടു. തന്നെ എതിര്‍ക്കുന്നവരെ തികച്ചും നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാനും അദ്ദേഹം തുനിഞ്ഞു.

ഇസ്‌ലാം മതവിശ്വാസികള്‍ ഉപയോഗിക്കാറുള്ള പേരുകള്‍ ഉള്ള വ്യക്തികളെ ജിഹാദി എന്നുവിളിച്ചാണ് അമല്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നതുതന്നെ. ഏതാനും ചില കമന്റുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവികള്‍ ഇദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പൊങ്കാലയിടുകയാണ്.

പകല്‍ കോണ്‍ഗ്രസും രാത്രി സംഘപരിവാറുകാരനുമാകുന്ന ചില ആളുകളേക്കുറിച്ച് ഏകെ ആന്റണി പറഞ്ഞിട്ടുണ്ടെന്ന് ചിലര്‍ ഓര്‍മിപ്പിക്കുന്നു. ഇനി ഉണ്ണിത്താന്‍ കൂടി ബിജെപിയിലേക്ക് പോയാല്‍ മതി എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌ലാമിക നാമം ഉപയോഗിക്കുന്നവരെ ജിഹാദി എന്ന് വിളിക്കുന്നതിലെ വൃത്തികേടും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.