റമദാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 2000 തടവുകാര്‍ക്ക് യു.എ.ഇയില്‍ മോചനം

single-img
16 May 2018

റമദാന്‍ മാസത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 1072 തടവുകാര്‍ക്ക് കൂടി മോചനം. ദുബൈയില്‍ 700, റാസല്‍ഖൈമയില്‍ 302, അജ്മാനില്‍ 70 തടവുകാരെയുമാണ് മോചിപ്പിക്കുക. ഇതോടെ രാജ്യത്ത് മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ എണ്ണം 2311 ആയി.

ദുബായിലെ ജയിലുകളില്‍ നിന്നും 700 പേരെ മോചിപ്പിക്കുന്ന തീരുമാനം യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഷാര്‍ജ ഭരണാധികാരിയും 304 തടവുകാരെ മോചിപ്പിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു.

റമദാന്‍, സായിദ് വര്‍ഷം എന്നിവ പ്രമാണിച്ച് റാസല്‍ഖൈമയില്‍ 302 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയും നിര്‍ദ്ദേശം നല്‍കി. മാപ്പ് നല്‍കിയവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നും അദ്ദഹം പറഞ്ഞു.

ശൈഖ് സഊദിന്റെ ഉത്തരവ് നടപ്പാക്കാന്‍ റാക് പൊലീസുമായി ഏകോപനം നടത്തി നടപടി സ്വീകരിക്കാന്‍ റാക് നീതിന്യായ സമിതിക്ക് റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഈദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി നിര്‍ദ്ദേശം നല്‍കി.

വിവിധ രാജ്യക്കാരായ 70 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമിയും ഉത്തരവിട്ടു. ജയില്‍ ശിക്ഷക്ക് ശേഷം നാടു കടത്താന്‍ കോടതി ഉത്തരവുള്ളവരെ നാടു കടത്തും. മോചിപ്പിക്കപ്പെടുന്നവര്‍ക്ക് സമൂഹത്തിലേക്ക് തിരിച്ചെത്താനും പൊതുജീവിതം നയിക്കാനും കുടുംബത്തോടൊപ്പം റമദാന്‍ ആസ്വദിക്കാനും സാധിക്കട്ടെയെന്ന് ശൈഖ് ഹുമൈദ് ആശംസിച്ചു.

നേരത്തെ, യു.എ.ഇ പ്രസിഡന്റ് ഷെയ്ക് ഖലീഫാ ബന്‍ സായിദ് അല്‍ നഹ്‌യാന്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 935 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. പുണ്യമാസം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ നിന്നും മാനസാന്തരപ്പെട്ട് മടങ്ങുന്നതിനും വേണ്ടിയുള്ള യു.എ.ഇ പദ്ധതിയുടെ പേരിലാണ് തടവുകാരെ മോചിപ്പിക്കുന്നത്.