നേരില്‍ കണ്ട ആകാംക്ഷയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് അര്‍ജുന്‍ കപൂര്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു

single-img
16 May 2018

വലിയൊരു ഫുട്‌ബോള്‍ ആരാധകനാണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ ജീവിതം തുടക്കം മുതല്‍ ഏറെ ആകാംക്ഷയോടെ നിരീക്ഷിക്കുന്ന ആളുമാണ് അര്‍ജുന്‍.

അങ്ങനെയുള്ള അര്‍ജുന്‍ കപൂറിന് റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചാലോ? മാന്‍ഡ്രിഡില്‍ വച്ച് അര്‍ജുനിന് റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ അര്‍ജുന്‍ വളരെ ആകാംക്ഷാഭരിതനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

പ്രിയപ്പെട്ട ഫുട്‌ബോള്‍ താരത്തെ കണ്ടപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ അര്‍ജുന്‍ മറന്നില്ല. റൊണാള്‍ഡോയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കു വരണമെന്നുമാണ് അര്‍ജുന്‍ ആവശ്യപ്പെട്ടത്.

തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. കൂടിക്കാഴ്ചയില്‍ ലിവര്‍ പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളും അറിയിച്ചു.

ഫുട്‌ബോളിനെ കുറിച്ചും, റിയല്‍ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചും ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തു. റഷ്യയില്‍ ജൂണ്‍ 14ന് ആരംഭിക്കുന്ന ഫിഫ ലോക കപ്പിനെ കുറിച്ചും സംസാരിച്ചു.