ഡബ്‌സ്മാഷ് ഹിറ്റായി; ആരാധകന് പൃഥ്വിരാജിന്റെ അഭിനന്ദനം

single-img
16 May 2018

സിനിമാതാരങ്ങളെ ദൈവത്തെപ്പോലെ കാണുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതലമുറ നായകന്മാരെ അന്ധമായി സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആരാധകര്‍ ഫാന്‍സ് അസോസിയേഷനുകളിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.

എന്നാല്‍ തന്റെ ആരാധ്യനായകനില്‍ നിന്നും നേരിട്ട് പ്രശംസ ലഭിച്ചതിന്റെ ആവേശത്തിലാണ് വിഷ്ണുദേവ എന്ന യുവാവ്. പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ വിഷ്ണു പൃഥ്വിരാജ് അഭിനയിച്ച സീനുകളിലെ ഡബ്‌സ്മാഷുകള്‍ തന്‍മയത്വത്തോടെ അഭിനയിച്ചാണ് കയ്യടി നേടിയത്.

തന്റെ പ്രിയതാരം എന്നെങ്കിലുമൊരിക്കല്‍ ഡബ്‌സ്മാഷ് കാണുമെന്ന പ്രതീക്ഷയിലാണ് വിഷ്ണു നിരന്തരം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം ചിത്രത്തിന് താഴെ വിഷ്ണു ഒരു അപേക്ഷ കുറിച്ചു.

‘ സര്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ് ഞാന്‍. നിങ്ങളുടെ ഡബ്‌സ്മാഷുകള്‍ ഞാന്‍ ചെയ്യുന്നത് നിങ്ങളെന്നെങ്കിലും അവ കാണുമെന്ന പ്രതീക്ഷയിലാണ്. ഏതെങ്കിലും വീഡിയോ താങ്കള്‍ കണ്ടാല്‍ അതില്‍പ്പരം അഭിമാനം എനിക്ക് വേറെയില്ല. രാജുവേട്ടാ പ്ലീസ് ഒരു തവണ’. വിഷ്ണുവിന്റെ അപേക്ഷയ്ക്ക് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

താരത്തിന്റെ മറുപടി ഇങ്ങനെ:

‘ ഒന്നല്ല നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ അര്‍പ്പണമനോഭാവം എനിക്കുള്ള വലിയ പ്രശംസയാണ്. നിങ്ങളെപ്പോലെ ഒരു ആരാധകനെ ലഭിച്ചത് അഭിമാനമായി ഞാന്‍ കാണുന്നു. മുന്നോട്ട് പോകുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ നിങ്ങള്‍ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ ‘….എന്നാണ് പൃഥ്വി നല്‍കിയ മറുപടി.

വിഷ്ണുവിന് ഇരട്ടിമധുരവുമായി പൃഥ്വിയുടെ ഭാര്യ സുപ്രിയയും കുറിച്ചു.’ പൃഥ്വി പറഞ്ഞത് പോലെ നിങ്ങളുടെ വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. താങ്കളുടെ ഭാവി പരിപാടികള്‍ക്കെല്ലാം ഞങ്ങളുടെ ആശംസകള്‍’…. എന്നാണ് സുപ്രിയ കുറിച്ചത്.

വിഷ്ണുവിന് ആനന്ദിക്കാന്‍ ഇതില്‍പ്പരം എന്തു വേണം. ഇരുവരുടെയും മറുപടി കണ്ട് ആവേശത്തോടെ വിഷ്ണു ഇങ്ങനെ കുറിച്ചു.’ മതിയേട്ടാ..ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട..ഞാനിപ്പോഴും കരയുകയാണ്..എന്റെ കൈകള്‍ വിറയ്ക്കുകയാണ്…സര്‍ ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു..വാക്കുകളില്ല..എന്നും അങ്ങയുടെ നമ്പര്‍ വണ്‍ ആരാധകനായിരിക്കും..’എന്നായിരുന്നു വികാരനിര്‍ഭരമായി വിഷ്ണു കുറിച്ചത്.