തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദി സര്‍ക്കാരിന് മൗനം: പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

single-img
16 May 2018

കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും എണ്ണവിലയില്‍ വര്‍ധന. ബുധനാഴ്ച രാവിലെ പെട്രോള്‍ വിലയില്‍ ലീറ്ററിന് 15 പൈസയാണു വര്‍ധിച്ചത്. മുംബൈയിലും ഡല്‍ഹിയിലുമുള്ള വര്‍ധനയാണിത്.

കൊല്‍ക്കത്തയില്‍ 14 പൈസയും ചെന്നൈയില്‍ 16 പൈസയും കൂടിയതായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റ് പറയുന്നു. ഇതോടെ, പെട്രോളിന് ഡല്‍ഹിയില്‍ 75 രൂപയായി. കൊല്‍ക്കത്തയില്‍ 77.79, മുംബൈയില്‍ 82.94, ചെന്നൈയില്‍ 77.93 എന്നിങ്ങനെയാണു നിരക്കുകള്‍.

ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഡീസല്‍ വില 21 പൈസ വര്‍ധിച്ചു. മുംബൈയില്‍ 22 പൈസയും ചെന്നൈയില്‍ 23 പൈസയുമാണു വര്‍ധന. ഡല്‍ഹിയില്‍ ഡീസല്‍ വില 66.57 ആണ്. കൊല്‍ക്കത്തയില്‍ 69.11, മുംബൈയില്‍ 70.88, ചെന്നൈയില്‍ 70.25 എന്നിങ്ങനെയാണ് നിരക്ക്. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ദിനംപ്രതി എണ്ണവില നിശ്ചയിക്കുന്ന രീതി 19 ദിവസത്തേക്കു നിര്‍ത്തിവച്ചിരുന്നു.

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നു. ബാരലിന് 79.22 ഡോളര്‍ എന്ന നിലയില്‍ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വില എത്തിനില്‍ക്കുന്നത്. എണ്ണ കയറ്റുമതിക്ക് ഇറാനു മേല്‍ അമേരിക്ക നിയന്ത്രണം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളാണ് വില ഉയരാന്‍ കാരണം.

2014 നവംബറിനു ശേഷം അസംസ്‌കൃത എണ്ണവില ആദ്യമായാണ് ബാരലിന് 80 ഡോളറിനോട് അടുക്കുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം വില 70 ശതമാനം കൂടിയിരുന്നു.