കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചത് മായാവതി: മൂന്നുനാള്‍ മുന്‍പേ ജെഡിഎസ് സഖ്യത്തിനായി കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടങ്ങിയതായി വെളിപ്പെടുത്തല്‍

single-img
16 May 2018

ജെഡിഎസുമായുള്ള സഖ്യസാധ്യതകള്‍ തിരഞ്ഞെടുപ്പുഫലം വരുന്നതിനു മുന്‍പു തന്നെ കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടിരുന്നതായും മൂന്നു നാള്‍ മുന്‍പേ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും വെളിപ്പെടുത്തല്‍. മൂന്നു ദിവസം മുന്‍പേ സഖ്യം സ്ഥാപിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും വിളിയെത്തിയതായി ജെഡിഎസ് വക്താവ് ഡാനിഷ് അലി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൃത്യമായ ഗൃഹപാഠം ചെയ്തുതന്നെയായിരുന്നു കോണ്‍ഗ്രസ് ഇതുവരെ കളിക്കാത്ത കളിക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്നു വ്യക്തമാക്കുന്നതാണ് ഡാനിഷ് അലിയുടെ വെളിപ്പെടുത്തല്‍. ഗുലാം നബി ആസാദും താനും ഡല്‍ഹിയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും തിങ്കളാഴ്ച രാത്രി കുമാരസ്വാമിയുമായി ഇതേക്കുറിച്ച് സംസാരിച്ചെന്നും ഡാനിഷ് അലി വെളിപ്പെടുത്തി.

ചൊവ്വാഴ്ച നടന്ന വോട്ടെണ്ണലില്‍ ഏകദേശചിത്രം വ്യക്തമായതു മുതല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും സോണിയാ ഗാന്ധി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതായും അലി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു ദലിത് നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ജെഡിഎസ് സമ്മതിച്ചതായും സൂചനകളുണ്ട്.

അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് ബാന്ധവത്തിന് ചുക്കാന്‍ പിടിച്ചത് ബിഎസ്പി നേതാവ് മായാവതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി എച്ച്.ഡി.ദേവഗൗഡയെ ഫോണില്‍ വിളിച്ചത് മായാവതിയുടെ പ്രേരണയാലാണെന്ന് ബിഎസ്പി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപവത്കരണം എന്നതിനുമപ്പുറം ദേശീയതലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തിന് ശക്തി പകരുക എന്ന ലക്ഷ്യമാണ് ജെഡിഎസിനൊപ്പം ചേരാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

ബിജെപി അധികാരത്തിലേറുന്നത് എങ്ങനെയും തടയണമെന്ന ആവശ്യം ബിഎസ്പി എംപിയായ അശോക് സിദ്ധാര്‍ഥ വഴി മായാവതി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ അറിയിച്ചിരുന്നു. അദ്ദേഹമാണ് സോണിയാ ഗാന്ധിയെ വിളിച്ച് ഇക്കാര്യം സംസാരിച്ചത്.

ദേവഗൗഡയെ വിളിച്ച് മായാവതിയും കാര്യങ്ങള്‍ സംസാരിച്ചു. ഇതിനെത്തുടര്‍ന്നാണ് നാടകീയമായ വഴിത്തിരിവിന് കളമൊരുക്കി സോണിയാ ഗാന്ധി ദേവഗൗഡയെ വിളിച്ച് സംസാരിച്ചതും മുഖ്യമന്ത്രിസ്ഥാനം കുമാരസ്വാമിക്ക് വാഗ്ദാനം ചെയ്തതും.

ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്ന ബിഎസ്പി 20 സീറ്റുകളില്‍ ഇക്കുറി മത്സരിച്ചിരുന്നു. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തു. ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരെയാണ് ജെഡിഎസിനൊപ്പം ചേര്‍ന്ന് മത്സരിച്ചതെങ്കിലും വര്‍ഗീയ ശക്തി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിനൊപ്പം ചേരാമെന്നാണ് തങ്ങളുടെ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിഎസ്പി പ്രതികരിച്ചിരുന്നു.

ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാലേ 2019ല്‍ ബിജെപിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കഴിയൂ എന്ന തിരിച്ചറിവിലെത്തിയ കോണ്‍ഗ്രസ് അതുകൊണ്ട് തന്നെയാണ് മായാവതിയുടെ നിര്‍ദേശം സ്വീകരിച്ചതും ജെഡിഎസിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതും എന്നാണ് റിപ്പോര്‍ട്ടുകള്‍.