കത്വ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവുമായി ഹിന്ദുത്വ സംഘടനകള്‍

single-img
16 May 2018

കശ്മീര്‍: കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പണപ്പിരിവുമായി ഹിന്ദുത്വ സംഘടനകള്‍. ഹിന്ദു ഏക്ത മഞ്ചാണ് പണപ്പിരിവിന് നേതൃത്വം നല്‍കുന്നത്.

കോടതി ചിലവുകള്‍ക്കായാണ് പണപ്പിരിവ് നടത്തുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സംഘടനകള്‍ കോടതിയെ സമീപിക്കുന്നത്. സംഘടന യോഗം ചേര്‍ന്ന് തീരുമാനിച്ചതാണിതെന്ന് ഹിന്ദു ഏക്ത മഞ്ചിന്റെ പ്രസിഡന്റ് വിജയ് ശര്‍മ്മ വ്യക്തമാക്കി.

എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് ശര്‍മ്മ തുറന്നു സമ്മതിച്ചു. അതിനാല്‍ പ്രതികളുടെ സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും നേരിട്ട് വിളിച്ച് ഫണ്ട് ശേഖരിക്കാനാണ് നീക്കം.

‘സുപ്രീം കോടതിയില്‍ കേസ് വിജയകരമായി നടത്താന്‍ മികച്ച ലീഗല്‍ ടീമിനെ കൊണ്ടുവരാനാവശ്യമായതെല്ലാം ചെയ്യണം. ഇതിനായുള്ള ചിലവുകള്‍ക്ക് സഹായിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു’ എന്ന സന്ദേശം സംഘടന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

കഠ്വ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ കശ്മീരില്‍ ദേശീയപതാകയുമുയര്‍ത്തി റാലി നടത്തിയത് വലിയ വിവാദമായിരുന്നു. രണ്ട് ബി.ജെ.പി നേതാക്കളായിരുന്നു റാലിയ്ക്ക് നേതൃത്വം നല്‍കിയത്. കൂടാതെ പ്രതികളെ അനുകൂലിച്ചുകൊണ്ടുള്ള വീഡിയോയും കശ്മീര്‍ ബി.ജെ.പി യൂണിറ്റ് പുറത്തിറക്കിയിരുന്നു.