പത്ത് എം.എല്‍.എമാരെയെങ്കിലും രാജിവെപ്പിക്കാനുള്ള നീക്കവുമായി ബിജെപി; ഒരു എംഎല്‍എയ്ക്ക് വാഗ്ദാനം ചെയ്യുന്നത് 100 കോടി രൂപ: കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തി യോഗത്തിനെത്താതെ 12 എംഎല്‍എമാര്‍

single-img
16 May 2018

എന്തുമാര്‍ഗത്തിലൂടെയും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി വീതം നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയെന്നും കുമാരസ്വാമി ചോദിച്ചു. ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിരുന്നു. ഇത് എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

അതിനിടെ കര്‍ണാടകത്തില്‍ പത്ത് എം.എല്‍.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കാനോ ആണ് നീക്കമെന്ന് ബി ജെ പി കേന്ദ്ര നേതാക്കള്‍ സൂചന നല്‍കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെയും അമിത്ഷാ നിയോഗിച്ചു.

2008ല്‍ ബി.ജെ.പി നേടിയത് 110 സീറ്റുകളായിരുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരെയും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെയും അന്ന് രാജിവെപ്പിച്ചു. ഇതില്‍ അഞ്ചുപേര്‍ പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു.

ഇതേ തന്ത്രമാണ് ഇന്നലെ രാത്രി മുതല്‍ ബി.ജെ.പി കര്‍ണാടകത്തില്‍ പയറ്റുന്നത്. പത്തുപേരെ രാജിവെപ്പിക്കുകയും രണ്ട് സ്വതന്ത്രരെയും ഒരു ബി.എസ്.പി എം.എല്‍.എയെയും ഒപ്പം കൊണ്ടുവരികയും ചെയ്താല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന് ബി.ജെ.പി കരുതുന്നു.

ഇതിന് ആവശ്യമായ വഴിയെല്ലാം തേടാനാണ് പ്രധാനമന്ത്രിയുടെ അനുമതിയോടെ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കിയാല്‍ ലിംഗായത്ത് സമുദായത്തെ വീണ്ടും ഒറ്റക്കെട്ടായി പാര്‍ടിക്ക് പിന്നില്‍ അണിനിരത്താമെന്നും ബി.ജെ.പി കരുതുന്നു.

അതിനാല്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ സര്‍ക്കാര്‍ താഴെ വീണാല്‍ പോലും രാഷ്ട്രീയമായി നേട്ടമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. 1996ല്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എച്ച്.ഡി. ദേവഗൗഡ പിരിച്ചുവിട്ടപ്പോള്‍ സംസ്ഥാന പാര്‍ടി അദ്ധ്യക്ഷനായ വ്യക്തിയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ വാജുഭായ് വാലെ എന്ന് ചൂണ്ടിക്കാട്ടി രാംമാധവ് രംഗത്തെത്തി. അതിനാല്‍ ധാര്‍മ്മികതയെ കുറിച്ച് ജെ.ഡി.യു സംസാരിക്കേണ്ടെന്ന് രാംമാധവ് ട്വീറ്റ് ചെയ്തു.

അതേസമയം അമിത്ഷാ നടത്തുന്ന ഈ നീക്കത്തോട് പാര്‍ടിയിലെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് 2019 മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമെന്ന് ഇവര്‍ സ്വകാര്യമായി വാദിക്കുന്നു. അതിനിടെ ഗവര്‍ണറുടെ തീരുമാനം എതിരാവുകയാണെങ്കില്‍ കോണ്‍ഗ്രസ് ഉടന്‍ കോടതിയെ സമീപിക്കും. കപില്‍ സിബല്‍, അഭിഷേക് സിംഗ് വി എന്നിവര്‍ക്കാണ് ഇതിനുള്ള ചുമതല ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്.