കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ കോടതിയിലേക്ക്

single-img
16 May 2018

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് കര്‍ണാടകം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണോ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെയോ ആണോ ഗവര്‍ണര്‍ ക്ഷണിക്കുന്നത് എന്നാണ് ഉറ്റുനോക്കുന്നത്.

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമനടപടി അടക്കം ആലോചിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണംതള്ളി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ രംഗത്തെത്തി.

എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. അതിനിടെ ഇരുപക്ഷവും അധികാരത്തിനായി രാജ്ഭവനിലെത്തിയതോടെ ഗവര്‍ണറുടെ നിലപാട് കൂടുതല്‍ നിര്‍ണായകമായി.

സാധ്യതകള്‍ ഇങ്ങനെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക. നിശ്ചിതകാലയളവിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ കേവലഭൂരിപക്ഷമുണ്ടെന്ന അവകാശവാദത്തോടെ കോണ്‍ഗ്രസിന്റെ പിന്തുണയുമായി എത്തിയ കുമാരസ്വാമിക്ക് അവസരം നല്‍കുക.

മുഖ്യമന്ത്രിയാകുന്ന കുമാരസ്വാമിയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. ഗുജറാത്തില്‍ മോദിയുടെ ഇഷ്ടക്കാരനായ ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനം ആദ്യത്തേതാണെങ്കില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം

കോണ്‍ഗ്രസ്, ജെ.ഡി.എസ് എംഎല്‍എമാരെ അടര്‍ത്തിമാറ്റി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അമിത്ഷായുടെ തന്ത്രം കൂറുമാറ്റ നിരോധനനിയമപ്രകാരം അസാധുവാകും. ജെ.ഡി.എസിന്റെ 38പേരില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാര്‍ കൂട്ടത്തോടെ കാവികോട്ടയിലെത്തിയാല്‍ കൂറുമാറ്റ നിരോധനനിയമം ബാധകമാവില്ല.

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പിയുടെ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഉത്തരവിട്ടത്.