കര്‍ണാടകയില്‍ ഇതാദ്യത്തെ സംഭവമല്ല; 2004ലും ഇതുതന്നെ സംഭവിച്ചു: അന്ന് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു

single-img
16 May 2018

2004 മെയ് 13, 224 അംഗ കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം. കേവല ഭൂരിപക്ഷം നേടാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കുമായില്ല. 79 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 65 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം.

58 എംഎല്‍എമാരുമായി ജെഡിഎസ് മൂന്നാം സ്ഥാനത്തെത്തി. ഉടന്‍ തന്നെ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു. കോണ്‍ഗ്രസിന്റെ ധരംസിങ്ങായിരുന്നു മുഖ്യമന്ത്രി. അന്ന് ജെഡിഎസിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.

2005ല്‍ സിദ്ധരാമയ്യ ജെഡിഎസുമായി തെറ്റിപ്പിരിഞ്ഞു. കുമാരസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസവും സൗന്ദര്യപ്പിണക്കങ്ങളും സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചു. സിദ്ധരാമയ്യയെ ഇരുകയ്യും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട് ജെഡിഎസ് ഇടഞ്ഞു.

കണ്ണടച്ചു തുറക്കും മുമ്പ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചായിരുന്നു ജെഡിഎസ് പകരം വീട്ടിയത്. അതുകൊണ്ടും തീര്‍ന്നില്ല, ജെഡിഎസ് നേരെ പോയി ബിജെപിയുമായി സഖ്യം ചേര്‍ന്നു. ബിജെപിയോട് മുന്നോട്ട് വച്ചത് ഒരേയൊരു ആവശ്യമായിരുന്നു, കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണം.

ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായി, നിശ്ചിതകാലയളവിലേക്ക് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം. പക്ഷേ, കാലാവധി അവസാനിച്ചപ്പോള്‍ കുമാരസ്വാമി പാലം വലിച്ചു. അങ്ങനെ, ജെഡിഎസും ബിജെപിയും തമ്മില്‍തെറ്റി. ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു.

ഗത്യന്തരമില്ലാതെ കുമാരസ്വാമി രാജിവച്ചു. പിന്നെ കുറച്ചുനാള്‍ കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു. അക്കാലയളവില്‍ അനുരഞ്ജനശ്രമങ്ങളിലേക്ക് ജെഡിഎസും ബിജെപിയും മുന്നിട്ടിറങ്ങി. അങ്ങനെ വിജയം കണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബി.എസ്.യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി ബിജെപി-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണ്ടും നിലവില്‍ വന്നു. അഞ്ചുവര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാര്‍ എന്ന സവിശേഷതയും കര്‍ണാടക സ്വന്തമാക്കി.

14 വര്‍ഷത്തിനു ശേഷം വീണ്ടും കോണ്‍ഗ്രസും ജെഡിഎസും ഭരണത്തിനായി കൈകോര്‍ക്കുകയാണ്. ഗവര്‍ണര്‍ തുണച്ചാല്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലേറും. കുമാരസ്വാമി മുഖ്യമന്ത്രിയാകും. അന്ന് കോണ്‍ഗ്രസിനായിരുന്നു മുഖ്യമന്ത്രി സ്ഥാനമെങ്കില്‍ ഇന്നത് ജെഡിഎസിനാണെന്ന് മാത്രം.