എംഎല്‍എമാരുടെ യോഗത്തിലേക്ക് മുഴുവന്‍ കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങളും എത്തിയില്ല; ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി ജാവഡേക്കര്‍ എത്തി

single-img
16 May 2018

ബംഗലുരു: രാജ്യം ഉറ്റു നോക്കിയ കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പാളുന്നു. ഇന്നലെ ഫലം പുറത്തു വന്നതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും എംഎല്‍എമാര്‍ മുഖം തിരിച്ചതോടെ യോഗം തുടങ്ങാന്‍ കഴിയാതെ കോണ്‍ഗ്രസ് കുഴങ്ങുന്നു.

ലിംഗായത്ത് മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണ് എത്താത്തത്. റോഡിലെ ഗതാഗത തിരക്ക് മൂലമാണ് ഇവര്‍ വൈകുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിക്കുമെന്നാണ് സുചന. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ചരടുവലികളുമായി ബിജെപി എംഎല്‍എമാരെ സമീപിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് നാടകീയ നീക്കങ്ങള്‍. ഇതിനിടെ ആഡംബര ഹോട്ടലില്‍ ചേരുന്ന ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല.

രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. അതേസമയം എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

അതിനിടെ ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. എന്നാല്‍ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന നിലപാടാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടേത്. അതിനിടെ, കൂറുമാറാന്‍ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ എ.എല്‍. പാട്ടീല്‍ അറിയിച്ചു.

അതേസമയം, ചാക്കിടല്‍ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ബിജെപി അതിരുകടന്നാല്‍ നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.

ഇതിനിടെ ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ബി.എസ്.യദ്യൂരപ്പയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ചു.