ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

single-img
16 May 2018

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 10നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് റിലീസ് തീയതി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക.

പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് മിഥില. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാല ആണ് നിര്‍മ്മാണം. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. നേരത്തെ ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയതി മാറ്റുകയായിരുന്നു