ഡല്‍ഹിയില്‍ കൊടുങ്കാറ്റും കനത്ത മഴയും; വ്യാപക നാശനഷ്ടം

single-img
16 May 2018

രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തമായത് ഡല്‍ഹി നിവാസികളെ ആശങ്കയിലാക്കുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിക്കുന്നത്. വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതിവിതരണം തടസ്സപ്പെട്ടു. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണു വിവരം. കഴിഞ്ഞ നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇത്തരമൊരു കൊടുങ്കാറ്റും മഴയും.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 51 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗമുള്ള കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.

ശക്തമായ ഇടിയോടുകൂടി മഴ പെയ്യുമെന്നും മുന്നറിപ്പുണ്ടായിരുന്നു. വൈദ്യുതി വിതരണ സംവിധാനത്തില്‍ നേരിട്ട തടസ്സം മൂലം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ സാധാരണയില്‍ കവിഞ്ഞ സമയം വേണമെന്ന് വിതരണ കമ്പനിയായ ബിഎസ്ഇഎസ് അറിയിച്ചു.