ബിജെപിയുടെ കുതിരക്കച്ചവടത്തില്‍നിന്നു എംഎല്‍എമാരെ രക്ഷിക്കാന്‍ പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്

single-img
16 May 2018

കര്‍ണാടകയില്‍ അധികാരം പിടിക്കാനുള്ള ബിജെപിയുടെ കുതിരക്കച്ചവടത്തില്‍നിന്നു എംഎല്‍എമാരെ രക്ഷിക്കാന്‍ പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്. എം.എല്‍.എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു.

എം.എല്‍.എമാര്‍ക്ക് 120 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 73 എം.എല്‍.എമാരെയാണ് ഇപ്പോള്‍ മാറ്റുന്നത്. ബംഗളൂരുവില്‍ നിന്ന് ബസിലാണ് എം.എല്‍.എമാരെ മാറ്റിയത്. എംഎല്‍എമാര്‍ക്ക് ബിജെപി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.

ഇതാദ്യമായല്ല റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറുന്നത്. 1984ല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ എം.എല്‍.എമാരെ അദ്ദേഹം ബംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ ഒരു റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു.

അന്ന് കര്‍ണാടക മുഖ്യമന്ത്രിയും രാമറാവുവിന്റെ സുഹൃത്തുമായ രാമകൃഷ്ണ ഹെഡ്‌ഗേയാണ് ഇതിന് സൗകര്യങ്ങള്‍ ഒരുക്കിയത്. 2002ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സഭയില്‍ വിശ്വാസവോട്ട് തേടിയ അവസരത്തില്‍ തന്റെ പാര്‍ട്ടിയുടെ എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു.

2004ല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയ്ക്ക് 90 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ജെ.ഡി.എസിന് 58 സീറ്റും ലഭിക്കുകയും ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തു. അന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ എംഎല്‍എമാരെ ബംഗളൂരുവിന് പുറത്തുള്ള ഒരു റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു.

2006ല്‍ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ജെ.ഡി.എസ് എം.എല്‍.എമാര്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലാണ് താമസിച്ചത്. 2008ല്‍ ബി.ജെ.പി യെദിയൂരപ്പയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ അവര്‍ക്ക് 110 സീറ്റും കോണ്‍ഗ്രസിനു 80 സീറ്റുമാണ് ലഭിച്ചത്.

കേവലഭൂരിപക്ഷത്തിനു മൂന്ന് എം.എല്‍.എമാരുടെ പിന്തുണ ആവശ്യമായ ബി.ജെ.പി സ്വതന്ത്ര എം.എല്‍.എമാരെയും കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും ചാക്കിലാക്കി വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരുന്നു.