‘ചെയ്യാത്ത ജോലിക്ക് കൂലിയില്ല, മിന്നല്‍ പണിമുടക്കുകള്‍ വേണ്ട’: പുതിയ തൊഴില്‍നയവുമായി സര്‍ക്കാര്‍

single-img
16 May 2018

തിരുവനന്തപുരം: തൊഴില്‍മേഖലകളിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നതുള്‍പ്പെടെ കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പുതിയ തൊഴില്‍ നയം മന്ത്രിസഭായോഗം അംഗീകരിച്ചു.

ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്ന പ്രവണത അവസാനിപ്പിക്കുമെന്നും മിന്നല്‍ പണിമുടക്കുകള്‍ നിരുത്സാഹപ്പെടുത്തുമെന്നും നയം നിര്‍ദ്ദേശിക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി തൊഴിലുടമ ബന്ധം ഉറപ്പാക്കും.

ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും. കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും.

സ്ത്രീ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും നയം നിര്‍ദ്ദേശിക്കുന്നു. മാന്‍ഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍, രജിസ്റ്റര്‍ ചെയ്ത സാമൂഹ്യസംഘടനകള്‍ എന്നിവയുടെ ഓഫീസുകള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും നാശം വരുത്തുന്നതിനുമുളള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുളള കരട് ബില്ലും മന്ത്രിസഭ അംഗീകരിച്ചു.