കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി: പിന്തുണ ഉറപ്പാക്കുന്ന 115 എം.എല്‍.എമാരുടെ കത്തുമായി യെദിയൂരപ്പ ഗവര്‍ണറെ കണ്ടു

single-img
16 May 2018

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കു കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പ. ചില എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. അതിനിടെ തങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കണമെന്ന ആവശ്യവുമായി യെദിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയെ സന്ദര്‍ശിച്ചു.

ഇന്ന് രാവിലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ യെദിയൂരപ്പയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. തങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന 115 എം.എല്‍.എമാരുടെ കത്തും യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. രാജ്ഭവനില്‍ നിന്നും പുറത്തിറങ്ങിയ യെദിയൂരപ്പ ഉചിതമായ തീരമാനമെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി.

എന്നാല്‍, ഏതൊക്കെ എം.എല്‍.എമാരെയാണ് കുതിരക്കച്ചവടത്തിലൂടെ പാട്ടിലാക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതുമായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇന്ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പങ്കെടുത്തില്ല എന്നാണ് വിവരം. എട്ട് മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷി യോഗം ഇതുവരെ തുടങ്ങാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരെ യോഗത്തിനെത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കിയതായും വാര്‍ത്തയുണ്ട്. ജെ.ഡി.എസിന്റെ നിയമ സഭാ കക്ഷി യോഗവും ഇതുവരെ തുടങ്ങാനായിട്ടില്ല.