കോണ്‍ഗ്രസിന് ലഭിച്ചത് 38 ശതമാനം വോട്ട്; ബിജെപിക്ക് 36 ശതമാനവും: എന്നിട്ടും കോണ്‍ഗ്രസ് തോറ്റു: കര്‍ണാടകയില്‍ ബിജെപിയുടെ വിജയത്തിനു പിന്നില്‍ ‘മാജിക്കോ’?

single-img
15 May 2018

രാജ്യം ഉറ്റുനോക്കിയ നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. 2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഭരണം പിടിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് ലഭിച്ചത് 38.1 ശതമാനം വോട്ട്; ബിജെപിക്ക് 36.7 ശതമാനവും. കര്‍ണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോണ്‍ഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.

ഒരു നിയസഭാ തിരഞ്ഞെടുപ്പ് എന്നതിനേക്കാള്‍ ഉയര്‍ന്ന മാനങ്ങളാണ് കര്‍ണാടക തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലേക്കുള്ള തങ്ങളുടെ തേരോട്ടത്തിന്റെ മുന്നോടിയായിരുന്നു ഈ തിരഞ്ഞെടുപ്പെങ്കില്‍ കോണ്‍ഗ്രസിന് ഇത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ അസ്തിത്വം സ്ഥാപിക്കാനുള്ള നിര്‍ണായക പോരാട്ടമായിരുന്നു. രണ്ടു കൂട്ടരെ സംബന്ധിച്ചും 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരീക്ഷണശാലയുമായിരുന്നു ഈ തിരഞ്ഞെടുപ്പ്.

Dont Miss

മോദി-അമിത് ഷാ നുണക്കഥകള്‍ പ്രചരണ വിഷയമാക്കി; അഴിമതിക്കറ പുരണ്ട യെദ്യൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി: ലിംഗായത്തുകളുടെ പിന്തുണയും ഉറപ്പാക്കി; എന്നിട്ടും എങ്ങനെ കോണ്‍ഗ്രസ് തോറ്റു ?

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന നിലയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടംമുതല്‍ കാര്യങ്ങള്‍ മുന്നേറിയത്. ഇരു നേതാക്കളും പ്രചാരണ വേളയില്‍ ഉയര്‍ത്തിയ പ്രസ്താവനകളും വാക്‌പോരുകളും ഇക്കാര്യമാണ് വ്യക്തമാക്കിയത്.

മോദിയുടെ വ്യക്തിപ്രഭാവത്തോട് ഏറ്റുമുട്ടാന്‍തക്കവിധം വളരുക എന്നതായിരുന്നു ശ്രമം എന്ന് പലപ്പോഴും തോന്നിക്കുന്നതായിരുന്നു രാഹുലിന്റെ നീക്കങ്ങള്‍. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിലുള്ള രാഹുല്‍ഗാന്ധിയുടെ മിടുക്കിനെ സംബന്ധിച്ച് ആലോചനകള്‍ക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം.

സമീപകാലത്തെ മറ്റു തിരഞ്ഞെടുപ്പുകള്‍ പോലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു കര്‍ണാടകത്തിലും ബിജെപിയുടെ തുറുപ്പുചീട്ട്. മെയ് ഒന്നിന് ആരംഭിച്ച പ്രചാരണത്തില്‍ 15 സമ്മേളനങ്ങളില്‍ മോദി പങ്കടുക്കുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും 21 സ്ഥലങ്ങളില്‍ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മോദി ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ പക്വത തെളിയിക്കുന്നതിനും നേട്ടം അടയാളപ്പെടുത്തുന്നതിനുമുള്ള അവസരമായിരുന്നു രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം കര്‍ണാടക തിരഞ്ഞെടുപ്പ്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനു ശേഷം ആത്മവിശ്വാസത്തോടെയാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ ധാര്‍ഷ്ട്യം എന്നാണ് മോദി പരിഹസിച്ചത്.

ഭരണാനുകൂല സാഹചര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായയും മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. പെട്രോള്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കാളവണ്ടിയിലും സൈക്കിളിലും രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങി. ഹിന്ദുക്കളെ പ്രീതിപ്പെടുത്താന്‍ അമ്പലങ്ങളും മഠങ്ങളും കയറിയിറങ്ങി, സന്യാസിമാരെ സന്ദര്‍ശിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയാ ഗാന്ധി തുടങ്ങിയ മുന്‍നിര നേതാക്കളെയും കോണ്‍ഗ്രസ് രംഗത്തിറക്കി. ഇന്ധനവില, നോട്ട് നിരോധനം, ദളിത് ആക്രമണങ്ങള്‍, വര്‍ഗീയത തുടങ്ങിയവയെല്ലാം ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. എന്നാല്‍ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളുടെ വൈകാരികതകളെ മുതലെടുത്തുകൊണ്ടുള്ള പ്രചാരണമായിരുന്നു മോദിയുടേത്.

മോദി, അമിത് ഷാ, യദ്യൂരപ്പ തുടങ്ങിയ ബിജെപിയുടെ വ്യക്തിപ്രഭാവമുള്ള നേതാക്കളെ നേരിട്ട് ആക്രമിക്കാനുള്ള രാഹുലിന്റെ ശ്രമത്തെ അതേ നാണയത്തില്‍ മോദി തിരിച്ചടിച്ചു. യെദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ അദ്ദേഹം കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നു മോദി ചൂണ്ടിക്കാട്ടി.

തനിക്കും ബിജെപിക്കും എതിരായി കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളെ കോണ്‍ഗ്രസിന്റെ ചരിത്രം പറഞ്ഞ് നേരിടാണ് മോദി പലപ്പോഴും ശ്രമിച്ചത്. ഭഗത് സിങ്ങിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായില്ലെന്ന പരാമര്‍ശം മോദിക്കെതിരെ വലിയ വിമര്‍ശനത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ ചരിത്രത്തെയും വളച്ചൊടിക്കാനാണ് മോദിയുടെ ശ്രമം എന്ന് ആരോപണങ്ങളുയര്‍ന്നെങ്കിലും മോദിക്ക് കൂസലുണ്ടായില്ല.

മോദിപ്രഭാവത്തിന് കൂടുതല്‍ പ്രഭയും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് ബിജെപിക്ക് കൂടിയ ആത്മവിശ്വാസവും നല്‍കുന്നതായിരിക്കും ബിജെപിയുടെ ഈ നേട്ടം.