‘കുതിരക്കച്ചവടം തടയാം”; കർണാടക എം.എൽ.എമാർക്ക് ‘ഓഫറുമായി” കേരള ടൂറിസം: ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി

single-img
15 May 2018

തൂക്കുസഭ നിലവിൽ വന്ന കർണാടകയിൽ എംഎൽഎമാരെ ചാക്കിലാക്കി ഭരണം പിടിക്കാൻ പ്രധാന രാഷ്ട്രീയ പാർട്ടികൾ ശ്രമം നടത്തുന്നതിനിടെ, രസകരമായൊരു ‘ട്രോളു’മായി കേരള വിനോദസഞ്ചാര വകുപ്പ്. ശക്തമായ പോരാട്ടത്തിനൊടുവിൽ സമ്മർദ്ദത്തിൽ നിന്നും മുക്തി നേടാൻ ദെെവത്തിന്റെ സ്വന്തം നാട്ടിലെ സുന്ദരവും സുരക്ഷിതവുമായ റിസോർട്ടുകളിലേക്ക് വരാനാണ് കേരള ടൂറിസം എം.എൽ.എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘വരു, പുറത്തിറങ്ങി കളിക്കൂ’ എന്ന് ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ട്. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടൂറിസം ഡിപ്പാർട്ട്മെന്റ് എം.എൽ.എമാരെ കേരളത്തിലേക്ക് ക്ഷണിച്ചത്. കുറിപ്പിനൊപ്പം കേരളത്തിന്റെ മനോഹരമായൊരു കായൽ ചിത്രവും ടൂറിസം വകുപ്പ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു.

എംഎൽഎമാരെ എതിർപക്ഷം ചാക്കിട്ടുപിടിക്കുന്നതു തടയാൻ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ റിസോർട്ടുകളിലേക്കു മാറ്റുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവാണ്. ഗുജറാത്തിലും തമിഴ്നാട്ടിലും സമീപകാലത്ത് ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ക്ഷണമെത്തിയത്. എന്തായാലും ഈ ട്വീറ്റ് പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ വൈറലായിക്കഴിഞ്ഞു.