വാഗമണ്‍ സിമി ക്യാമ്പ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും

single-img
15 May 2018

കൊച്ചി: നിരോധിക്കപ്പെട്ട സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ (സിമി) കോട്ടയം വാഗമണ്ണില്‍ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ ഓരോരുത്തരും 25,000 രൂപ പിഴയും അടയ്ക്കണം. റിമാന്‍ഡ് കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്തു നല്‍കും.

പ്രതികള്‍ ഭീകര സംഘടനയില്‍ അംഗങ്ങളായെന്ന കുറ്റം തെളിഞ്ഞെങ്കിലും, രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കുറ്റം സ്ഥിരീകരിച്ചില്ല. മലയാളികളായ ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിക്കല്‍ പി.എ. ഷാദുലി (ഹാരിസ്), നാലാം പ്രതി പീടിക്കല്‍ പി.എ. ഷിബിലി, അഞ്ചാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ പി.എ. മുഹമ്മദ് അന്‍സാര്‍ (അന്‍സാര്‍ നദവി), ആറാം പ്രതി പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ (മന്‍സൂണ്‍) എന്നിവര്‍ കുറ്റക്കാരാണ്. രണ്ട് പ്രതികളെ മാത്രമാണ് കോടതി നേരിട്ട് വിസ്തരിച്ചത്. രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന മറ്റുള്ളവരെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിസ്തരിക്കുകയായിരുന്നു.

കേസില്‍ പതിനെട്ടു പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിചാരണ നേരിട്ട 17 പ്രതികളെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെയും (യുഎപിഎ) സ്‌ഫോടകവസ്തു നിരോധന നിയമത്തിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

38 പ്രതികളില്‍ 35 പേരാണു വിചാരണ നേരിട്ടത്. മുപ്പത്തഞ്ചാം പ്രതി മുംബൈ സ്വദേശി പൈദുനി അബ്ദുല്‍ സുബുഹാന്‍ ഖുറേഷിയെ വിചാരണയുടെ അവസാന ഘട്ടത്തിലാണു പിടികൂടാന്‍ കഴിഞ്ഞത്. മുപ്പത്തേഴാം പ്രതി ഉത്തര്‍പ്രദേശ് അസംമാര്‍ഗ് വാസിഖ് അബ്ദുല്ല ഒളിവിലാണ്. മുപ്പത്തൊന്നാം പ്രതി മധ്യപ്രദേശ് ഖന്‍ദവാ മെഹബൂബ് മാലിക്, ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്‍ഡോറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു.

ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോള്‍ബോംബു നിര്‍മിക്കാനും വനത്തില്‍ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നല്‍കാനുമാണു വാഗമണിലെ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ പത്തു മുതല്‍ 12 വരെ സിമിയുടെ നേതൃത്വത്തില്‍ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചതെന്നായിരുന്നു കേസ്. ക്യാപില്‍ ആറ് എന്‍ജിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരും പങ്കെടുത്തുവെന്നായിരുന്നു കുറ്റപത്രം. ഇവരില്‍ രണ്ടു പേര്‍ കുറ്റവിമുക്തരായി.