ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്: ബിജെപിക്കു വേണ്ടി കര്‍ണാടകയില്‍ അത് മാറ്റുമോ?

single-img
15 May 2018

ബംഗലൂരു: കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ കുമാരസ്വാമി നയിക്കും. കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കി. ഇന്ന് വൈകീട്ട് 5:30നും 6 മണിക്കും ഇടയില്‍ ഗവര്‍ണറെ കാണാനാണ് കുമാരസ്വാമി സമയം ചോദിച്ചത്. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിക്കും.

ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും. അതേസമയം കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക.

എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപി നേതാവായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ വാല മാനദണ്ഡമാക്കുമോ എന്ന് കണ്ടറിയണം.

ഇതിനാല്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയും പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുമാണ് സാധ്യത. ഈ സമയത്തിനുള്ളില്‍ ജെഡിഎസ് പാളയത്തില്‍ നിന്ന് ഏതാനും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിയുകയും ചെയ്യും.

ഗുജറാത്ത് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡുള്ള വാജുഭായ വാല കര്‍ണാടകയിലെ നാടകീയമായ കണക്കുകൂട്ടലുകളില്‍ പ്രധാന തീരുമാനമെടുക്കേണ്ട റോളിലാണ്. ആര്‍എസ്എസിലും ജനസംഘത്തിലും പ്രവര്‍ത്തിച്ചാണ് വാജുഭായ് വാല ബിജെപിയിലെത്തുന്നത്.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ രാജ് കോട്ട് വെസ്റ്റ് 1985 ല്‍ പിടിച്ചെടുത്താണ് വാജുഭായ് വാല ഗുജറാത്തിലെ പരാജയപ്പെടുത്താനാവാത്ത സ്ഥാനാര്‍ഥിയായത്. 2001 ല്‍ വരെ രാജ്‌കോട്ടിലെ എംഎല്‍എ സ്ഥാനത്ത് തുടര്‍ന്ന വാജുഭായ് വാല ഉപതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വേണ്ടി ഈ സീറ്റ് ഒഴിഞ്ഞു നല്‍കി. പിന്നീട് മോദി മണിനഗറിലേക്ക് പോയപ്പോള്‍ വാജുഭായ് തിരികെ രാജ്‌കോട്ടിലെത്തി 2007 ലും 12 ലും വിജയിച്ചു.

മോദി മന്ത്രിസഭയിലെ ധനമന്ത്രിയായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ വാജുഭായ് വാല കര്‍ണാടകയില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തി. രാഷ്ട്രീയത്തിന്റെ കണക്കുകള്‍ മന:പാഠമായ വാജുഭായ് വാലയുടെ മുന്നിലേക്കാണ് കോണ്‍ഗ്രസും ജെഡിഎസും ബിജെപിയും കണക്കുകളുമായി എത്തുന്നത്.