മോദി-അമിത് ഷാ നുണക്കഥകള്‍ പ്രചരണ വിഷയമാക്കി; അഴിമതിക്കറ പുരണ്ട യെദ്യൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി: ലിംഗായത്തുകളുടെ പിന്തുണയും ഉറപ്പാക്കി; എന്നിട്ടും എങ്ങനെ കോണ്‍ഗ്രസ് തോറ്റു ?

single-img
15 May 2018

ബംഗളൂരു: ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ച് കര്‍ണാടകയില്‍ ബി.ജെപിയുടെ തേരോട്ടം. സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും ഉണ്ടാകുകയെന്ന എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പിയുടെ കാവിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ബി.ജെ.പി തനിച്ച് ഭരണം കൈയാളുന്ന അവസ്ഥയാണുള്ളത്.

അഴിമതിക്കറ പുരണ്ട ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെഡിയൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി വിജയം കൊയ്യാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാജിക് തന്നെയാണ് വിജയത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

പല മണ്ഡലങ്ങളിലും ജെഡിഎസ്- ബിജെപി കൂട്ടുകെട്ട് ഉണ്ടായെന്നാണ് ഫലം വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇത്തരത്തിലുള്ള പല രഹസ്യ ധാരണകളും ഉണ്ടായി എന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.

അതേസമയം കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ ഏശിയില്ലെന്നാണ് സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍ അടക്കം സന്ദര്‍ശിച്ച് ഗുജറാത്ത് മോഡല്‍ പ്രചരണത്തിന് രാഹുല്‍ തുടക്കം കുറിച്ചെങ്കിലും അതും ഏറ്റില്ല. കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതിരുന്നിട്ടും അത് വോട്ടാക്കി മാറ്റുവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

വര്‍ഷങ്ങളായി ബിജെപി ഭരണം നടത്തിയിരുന്ന ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ശേഷം വിറപ്പിക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള കര്‍ണാടകത്തില്‍ ഇത്ര വലിയ തിരിച്ചടി നേരിട്ടത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഗുജറാത്തില്‍ വിവിധ സമുദായങ്ങളുടേയും കക്ഷികളുടെയും പിന്തുണ നേടാന്‍ സാധിച്ചെങ്കിലും കര്‍ണാടകത്തില്‍ അതും സാധിച്ചില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുന്നത്.

ലിംഗായത്ത് സമുദായത്തെ പ്രത്യേകമതമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ പദവി നല്‍കുന്നുതിനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിടുകയും ചെയ്ത് രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയെങ്കിലും ഗുണമായില്ലെന്ന് വേണം കരുതാന്‍.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലിംഗായത്ത് മേഖലകള്‍ കോണ്‍ഗ്രസിനെ ചതിച്ചു. ബെഗളൂരു മേഖലകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ജെഡിഎസിനു ചോര്‍ന്നതായും നേതൃത്വം വിലയിരുത്തി. പ്രചാരണത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പറ്റിയ പിഴവുകളും പാളിച്ചകളും ആയിരുന്നു കോണ്‍ഗ്രസ് അവസാന ഘട്ടത്തില്‍ ആയുധമാക്കിയത്.

ജനറല്‍ കരിയപ്പയുടെ കാര്യത്തിലും ഭഗത് സിങിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന് പ്രയോഗത്തിലും പ്രധാനമന്ത്രി നുണപ്രാചരകനായെന്ന് പ്രതിപക്ഷം ഒന്നടങ്കം തെളിവുനിരത്തി. അതും ക്ലച്ച് പിടിച്ചില്ല.

അതേസമയം മോദി തരംഗം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചന കൂടിയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി ഒറ്റയ്ക്ക് കര്‍ണാടകയില്‍ അധികാരത്തില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടേയും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി ബിജെ.പി അടുത്തിരിക്കുകയാണ്.

ഈ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൊണ്ടായിരുന്നു. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കര്‍ണാടകയിലും കോണ്‍ഗ്രസിനുണ്ടായ പരാജയം രാഹുലിനേറ്റ കനത്ത തിരിച്ചടിയാണ്.

രാഹുലിന്റെ വാക്കുകള്‍ക്ക് രാജ്യം ചെവി കൊടുത്തെങ്കിലും അതൊന്നും വോട്ടായി മാറാത്തതിന്റെ കാരണം കോണ്‍ഗ്രസിന് വിലയിരുത്തേണ്ടിവരും. ഇന്ത്യാ ടുഡേ മാഗസിന്‍ ഒരിക്കല്‍ ദേശീയ ബാദ്ധ്യത എന്ന് തങ്ങളുടെ മുഖചിത്രത്തില്‍ വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി പൊടുന്നെയാണ് ഉയര്‍ത്തെഴുന്നേറ്റത്. പിന്നീട് രാജ്യം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. എന്നാലിപ്പോള്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ഈ തിരഞ്ഞെടുപ്പ് കൊണ്ടുമാത്രം രാഹുലിന് പഴയ ആ ‘ബാദ്ധ്യതാ’ ലേബല്‍ വീണ്ടും വന്നുചേരുകയാണ്.

മോദി പ്രഭാവത്തിന് കാര്യമായ മങ്ങലേറ്റിട്ടില്ല എന്ന പാഠവും ഗുജറാത്തും ഹിമാചലും ത്രിപുരയും നേരത്തെ തന്നെ നല്‍കിയിട്ടും കോണ്‍ഗ്രസ് ഉദാസീന മനോഭാവമാണ് സ്വീകരിച്ചത്. അധികാരത്തിലിരുന്ന സംസ്ഥാനത്ത് കാര്യമായ ശ്രമങ്ങളില്ലാതെ വിജയിക്കാമെന്ന അബദ്ധധാരണ കോണ്‍ഗ്രസിനെ അലസരാക്കിയിട്ടുണ്ട്. അതിന്റെ ഫലമാണ് കര്‍ണാടകയില്‍ കണ്ടത്.

മാത്രമല്ല. എച്ച്.ഡി.ദേവഗൗ നയിക്കുന്ന ജെ.ഡി.എസിനെ നിസാരരായി കണ്ടതും കോണ്‍ഗ്രസിന്റെ വീഴ്ചയായി. വിവിധ സമുദായങ്ങളെയൊക്കെ ബി.ജെ.പിക്കെതിരേ അണിനിരത്തിയെങ്കിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയി. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ കാര്യമായ അഴിമതി ആരോപണങ്ങളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും ഈ തിരിച്ചടി ഉണ്ടായതാണ് കോണ്‍ഗ്രസിനെ ഏറെ ആശങ്കപ്പെടുത്തുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് ഇനിയുള്ള പ്രയാണം അത്ര എളുപ്പമായിരിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഈ പരാജയത്തോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ഇനി മെനയേണ്ടിവരും.

അതേസമയം കര്‍ണാടകാ തെരഞ്ഞെടുപ്പ് ഇതുവരെ ഇന്ത്യയില്‍ നടന്ന ഏറ്റവും ചെലവേറിയതാണെന്ന്
സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ കണക്കുകള്‍. പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഒഴുക്കിയ തുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താല്‍ 2014 ലെ തെരഞ്ഞെടുപ്പിന്റെ ഇരട്ടിത്തുകയാണ് ഇത്തവണ ചെലവായത്.

സിഎംഎസിന്റെ കണക്കു പ്രകാരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് ചെലവാക്കിയ തുക 9,500 നും 10,500 കോടിക്കും ഇടയില്‍ വരും. 2013 ലെ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇരട്ടിയിലധികമാണ്. 20 വര്‍ഷമായി മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ ഏറെ കൂടുതലാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനായി ചെലവാക്കപ്പെടുന്ന തുകയെന്നതാണ് ട്രന്റ്.

തെരഞ്ഞെടുപ്പിനായി രാജ്യത്ത് എറ്റവും കൂടുതല്‍ പണമൊഴുക്കുന്ന സംസ്ഥാനങ്ങള്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത് 30,000 കോടിയായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിന് 50,000-60,000 കോടിക്കും ഇടയില്‍ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മെയ് 12 ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനുള്ള പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ് 2 നാണ് പുറപ്പെടുവിച്ചത്. മൊത്തം ചെലവിന്റെ 75 ശതമാനമായ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയുടെ കണക്കുകളിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5560 ശതമാനം ചെലവ് വര്‍ദ്ധനയാണ് സ്ഥാനാര്‍ത്ഥികളുടേതായി പ്രതീക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന തുകയില്‍ 2930 ശതമാനം വര്‍ദ്ധനവ് വന്നേക്കും. ഇത് 12,000 കോടി മുതല്‍ 20,000 കോടി വരെയാകാമെന്നും കണക്കാക്കുന്നു.