ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം: സോളാറില്‍ നിന്ന് സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്

single-img
15 May 2018

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച ഭാഗങ്ങളില്‍ ഭേദഗതി വരുത്തി. എന്നാല്‍ അന്വേഷണത്തില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു.

സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍. തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു പ്രകാരം പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സോളര്‍ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നുവെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രധാന ആക്ഷേപം.

ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി, അതേസമയം, മുന്‍മന്ത്രി തിരുവഞ്ചൂര്‍ നല്‍കിയ ഹര്‍ജി തള്ളി. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കേസില്‍നിന്നു സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു തിരുവഞ്ചൂരിനെതിരായ ആക്ഷേപം. കമ്മിഷന്റെ പരാമര്‍ശങ്ങള്‍ തന്റെ സല്‍ക്കീര്‍ത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നാരോപിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഹര്‍ജി.