കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ബിജെപി നേതാക്കള്‍ ഞെട്ടി: ബിജെപി ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു

single-img
15 May 2018

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ 122 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരുന്നു.

കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. അതിനിടെ കര്‍ണാടകത്തില്‍ നാടകീയ നീക്കങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഗുലാം നബി ആസാദ്, സിദ്ധരാമയ്യ, ജി.പരമേശ്വര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ മകനും സംസ്ഥാനാധ്യക്ഷനുമായ കുമാരസ്വാമിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി ഗുലാംനബി ആസാദ് പറഞ്ഞു.

സഖ്യത്തിനു ഗൗഡ കുടുംബം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ദളുമായി കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും സിദ്ധരാമയ്യ പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ ഭൂരിപക്ഷം ലഭിക്കും എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസും (77) ജെഡിഎസും (39). ഒന്നിച്ചാല്‍ 116 സീറ്റ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും തനിച്ചു ഭൂരിപക്ഷമില്ല. 13 സീറ്റുകളില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍. ദേവെഗൗഡയുടെ വീട്ടില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന എംഎല്‍എമാര്‍ യോഗം ചേരുന്നുണ്ട്.

അതേസമയം ദളിനെ വലയിലാക്കാന്‍ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്. അതേസമയം, 2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ അന്‍പതോളം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ:

ബിജെപി (104), കോണ്‍ഗ്രസ് (77), ജെഡിഎസ് (39), മറ്റുള്ളവര്‍ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

കോൺഗ്രസ് – ജനതാദൾ ധാരണ ഇങ്ങനെയെന്നാണു വിവരം:

 

∙ മുഖ്യമന്ത്രിസ്ഥാനം ജനതാദൾ സംസ്ഥാനാധ്യക്ഷൻ കുമാരസ്വാമിക്ക്.

∙ ഉപമുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന്, 20 മന്ത്രിമാരും.

ദളിനു 14 മന്ത്രിമാർ.

∙ പുറത്തു നിന്നുള്ള പിന്തുണ പോര, സർക്കാരിൽ കോൺഗ്രസ് വേണമെന്നു ദേവെഗൗഡ.

ബിജെപി പാളയത്തിൽ നടക്കുന്നത്:

ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ കർണാടകയിലേക്ക്.

കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ സജീവം.

∙ ജനതാദളിനു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തേക്കും

∙ ജനതാദൾ ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസ് അംഗങ്ങളെ കൂറുമാറ്റി അടർത്താൻ ശ്രമിച്ചേക്കും

∙ ദേശിയാധ്യക്ഷൻ അമിത് ഷായുടെ വസതിയിൽ ചർച്ച ചൂടുപിടിക്കുന്നു.

∙ സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു ഗവർണറെ കാണുമെന്നു ബിജെപിയും.