ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നീക്കം തകര്‍ക്കാനുള്ള ബിജെപി ശ്രമം പൊളിഞ്ഞു

single-img
15 May 2018

ബംഗലൂരു: കര്‍ണാടകയില്‍ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ കുമാരസ്വാമി നയിക്കും. കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കി. ഇന്ന് വൈകീട്ട് 5:30നും 6 മണിക്കും ഇടയില്‍ ഗവര്‍ണറെ കാണാനാണ് കുമാരസ്വാമി സമയം ചോദിച്ചത്. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിക്കും.

ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും. ഇതിനിടെ നീക്കങ്ങളെ അപലപിച്ച് ബിജെപി രംഗത്തെത്തി.

ജനം വോട്ട് ചെയ്തത് കോണ്‍ഗ്രസ് മുക്ത ഭാരതത്തിനെന്ന് യെഡിയൂരപ്പ പറഞ്ഞു. കോണ്‍ഗ്രസിന്റെ ധാര്‍മികതയില്ലാത്ത നീക്കങ്ങളെ അപലപിക്കുന്നു. ബിജെപി അവകാശവാദമുന്നയിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

ദേശീയനേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെന്ന് യെഡിയൂരപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു കേന്ദ്രമന്ത്രിമാര്‍ പ്രത്യേകവിമാനത്തില്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ അമിത് ഷാ വാര്‍ത്താസമ്മേളനം മാറ്റി. പാര്‍ട്ടി വിജയാഘോഷവും നിര്‍ത്തിവച്ചു.

ഗോവയിലെ ബിജെപിയുടെ തന്ത്രം കര്‍ണാടകയില്‍ തിരിച്ചുപയറ്റുകയാണ് കോണ്‍ഗ്രസ്. പതിറ്റാണ്ടിനടുത്ത ഇടവേളയില്‍ കോണ്‍ഗ്രസ് എടുത്ത് പ്രയോഗിക്കുന്ന ‘സ്മാര്‍ട്ട്’ നീക്കമെന്ന് മാധ്യമങ്ങള്‍ തലക്കെട്ട് നിരത്തുന്ന നീക്കം.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷയെങ്കിലും വോട്ടു വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടനുസരിച്ച് 122ല്‍ നിന്ന് 78 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് പോള്‍ ചെയ്ത മൊത്തം വോട്ട് വിഹിതത്തിന്റെ 37.9 ശതമാനം പിടിച്ചപ്പോള്‍ 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് 36.2 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. 2013ല്‍ 40 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്.

തിരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് നിര്‍ണായക ശക്തിയായി മാറിയ ദേവാഗൗഡയുടെ ജെഡിഎസ് 18.5 ശതമാനം വോട്ടുകള്‍ നേടി. 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകള്‍ 37 ആയി കുറഞ്ഞിട്ടും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് ജെഡിഎസിന് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്യപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.

മൂന്ന് പ്രധാനപാര്‍ട്ടികള്‍ കഴിഞ്ഞാല്‍ നാല് ശതമാനം വോട്ട് വിഹിതം നേടിയ സ്വതന്ത്രരാണ് നാലാമതുള്ളത്. 0.9 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 224 അംഗ കര്‍ണാടക നിയമസഭയില്‍ തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളിലെ ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. രാജരാജേശ്വരി നഗര്‍, ജയനഗര്‍ എന്നിവിടങ്ങളില്‍ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്.