അതെന്താ എന്റെ മുഖം കണ്ടാല്‍ എന്റെ മോന് പാട്ടു പാടാന്‍ പറ്റില്ലാന്നു തോന്നുവോ?’; ശ്രീനിവാസന്‍ സുജാതയോട് ചോദിച്ചു

single-img
14 May 2018

മഴവില്‍ മനോരമ ചാനലിലെ സൂപ്പര്‍ 4 സംഗീത റിയാലിറ്റി ഷോയില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് നടനും ഗായകനുമായ വിനീത് ശ്രീനിവാസനായിരുന്നു. ശരത്, ദീപക് ദേവ്, സുജാത, ഷാന്‍ റഹ്മാന്‍ എന്നിവരായിരുന്നു ഷോയിലെ വിധികര്‍ത്താക്കള്‍. വിധികര്‍ത്താക്കളുമായുള്ള അടുപ്പത്തെ കുറിച്ച് വിനീത് വാചാലനായി. ഓരോരുത്തരുമായുള്ള അനുഭവങ്ങള്‍ വിനീത് പങ്കുവെച്ചു.

‘സുചിച്ചേച്ചിയും(സുജാത) ചിത്രചേച്ചിയും വളരെ സ്വീറ്റായി പാടുന്നവരാണ്. ഞാന്‍ പാട്ടു പാടിയപ്പോള്‍ പ്ലേ ബാക്ക് സിംഗിങ്ങ് മേഖലയില്‍ നിന്ന് ആദ്യമായി ഒരു മെസജ് അയച്ച് എന്നെ അഭിനന്ദിച്ചത് സുചിച്ചേച്ചിയാണ്.’ സുജാതയെ കുറിച്ച് വിനീത് പറഞ്ഞു. ‘വിനീതിന്റെ പാട്ടു കേട്ടയുടന്‍ ഞാന്‍ ശ്രീനിയേട്ടനെ വിളിച്ചു.

ചേട്ടാ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല, അവന്‍ ഇത്ര നന്നായിട്ട് പാടുമോ എന്നു ചോദിച്ചപ്പോള്‍ അതെന്താ എന്റെ മുഖം കണ്ടാല്‍ എന്റെ മോന് പാട്ടു പാടാന്‍ പറ്റില്ലാന്നു തോന്നുവോ എന്നായിരുന്നു ശ്രീനിയേട്ടന്റെ മറുചോദ്യം’ സുജാത പറഞ്ഞത് കേട്ട് എല്ലാവരും കൂട്ടച്ചിരിയായിരുന്നു.

തനിക്കൊരു പ്ലേബാക്ക് ഗായകനായി അറിയപ്പെടാന്‍ കഴിഞ്ഞത് ദീപക് ദേവ് തന്ന ഗാനം കൊണ്ടു മാത്രമാണെന്ന് വിനീത് പറഞ്ഞു. കരളേ എന്ന ഗാനത്തിലൂടെയാണ് തന്റെ ശബ്ദം ആളുകള്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘ഒരിക്കല്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനിടയില്‍ ദീപക്കേട്ടന്‍ പറഞ്ഞു വിനീതേ നിന്റെ ശബ്ദം ഫ്‌ലാറ്റാണെന്ന്.

എനിക്ക് ഭയങ്കര സന്തോഷമായി. ഞാന്‍ വിചാരിച്ചത് എന്റെ ശബ്ദം കേട്ട് ദീപക്കേട്ടന്‍ ഫ്‌ലാറ്റായി എന്നാണ്. കുറച്ച് കഴിഞ്ഞ് ദീപക്കേട്ടന്‍ ദേഷ്യത്തോടെ പറഞ്ഞു. വിനീതേ വോയ്‌സ് ഫ്‌ലാറ്റാണ്. ഫ്‌ലാറ്റാണെങ്കില്‍ എന്തിനാ ദേഷ്യപ്പെടുന്നത് സന്തോഷിക്കുകയല്ലേ വേണ്ടതെന്നാണ് ഞാന്‍ ആലോചിച്ചത്. പിന്നീട് സൗണ്ട് എഞ്ചിനിയറാണ് പറയുന്നത് ഫ്‌ലാറ്റ് എന്നാല്‍ ശ്രുതി കുറവാണെന്നാണ് അര്‍ഥമെന്ന്. ഇതാദ്യം അറിഞ്ഞിരുന്നെങ്കിലും എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നത് മറ്റൊരു കാര്യം’ വിനീത് പറഞ്ഞു.

പരിപാടിയുടെ തുടക്കത്തില്‍ തന്നെ എന്തു തോന്നുന്നുവെന്ന് അവതാരക ചോദിച്ചപ്പോള്‍ ‘ശരത്തേട്ടനെ കാണുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’ എന്നായിരുന്നു വിനീത് പറഞ്ഞത്. അതു കാര്യമാക്കാനില്ലെന്നും ശരത്തേട്ടനു പോലും കണ്ണാടിയില്‍ കാണുമ്പോള്‍ ടെന്‍ഷനാണെന്നുമായിരുന്നു ദീപക് ദേവിന്റെ മറുപടി. നമ്മളൊരു സ്ഥലത്തുള്ളതല്ലെ പിന്നെന്തിനാ ടെന്‍ഷന്‍ എന്ന ശരത് ചോദിച്ചപ്പോള്‍ ശരത്തേട്ടന് നല്ല പോലെ സംഗീതം അറിയാമെന്നും അതു കൊണ്ട് കാണുമ്പോള്‍ പേടിയാണെന്നും വിനീത് മറുപടി പറഞ്ഞു.