സുനന്ദയുടെ മരണം; ശശി തരൂര്‍ പ്രതി; പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി; കുറ്റപത്രം സമര്‍പ്പിച്ചു

single-img
14 May 2018


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ ഏല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്.

ഈ മാസം 24ന് പട്യാല കോടതിയില്‍ കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു.  2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്.

തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അവസാന നിഗമനമെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് ശശിതരൂര്‍ എംപി രണ്ട് മാസം മുന്‍പ് പ്രതികരിച്ചിരുന്നു. സുനന്ദപുഷ്‌കര്‍ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പര്‍ 345ല്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതില്‍ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

എന്നാല്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിഷം ഉള്ളില്‍ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.