ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശമില്ല; കൊലയ്ക്ക് കാരണം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമെന്ന് പൊലീസ്

single-img
14 May 2018

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലയ്ക്ക് കാരണം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമെന്ന് കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നു. മട്ടന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

386 പേജുള്ള കുറ്റപത്രത്തില്‍ വധത്തിന് പിന്നില്‍ ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശമില്ല. അതേസമയം, ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പുതിയ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി. ഐ എ.വി.ജോണ്‍ കോടതിയെ അറിയിച്ചു.

തില്ലങ്കേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി (28), രജില്‍ രാജ് (29), ജിതിന്‍ (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത് (32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്‌കര്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍.

കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ പതിനൊന്ന് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിനാല്‍ ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ആവശ്യമില്ലെന്നും കേരള പൊലീസിന് അന്വേഷണം തുടരാമെന്നും സുപ്രീംകോടതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനുളള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന പിതാവിന്റെ ആവശ്യം കോടതി അന്ന് തളളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.