നിങ്ങളുടെ കയ്യില്‍ കീറിയതോ കേടുവന്നതോ ആയ 200, 2000 നോട്ടുകളുണ്ടോ ?…എങ്കില്‍ പണികിട്ടും

single-img
14 May 2018

 
കീറിയതോ കേടുവന്നതോ ആയ 200, 2000 നോട്ടുകള്‍ ബാങ്കുകളില്‍ ചെന്ന് മാറ്റിയെടുക്കാനാകില്ലെന്നാണ് പുതിയ വാര്‍ത്ത. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം 5,10,20,50,100,500,1000 എന്നീ നോട്ടുകള്‍ മാത്രമാണ് മാറ്റിയെടുക്കാനാകുന്നത്.

200, 2000 നോട്ടുകള്‍ ഈ പട്ടികയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബാങ്കുകള്‍ക്ക് ഇത് കൈപ്പറ്റി പകരം വേറെ നോട്ടുകള്‍ നല്‍കാനുള്ള വ്യവസ്ഥയുമില്ല. കയ്യിലുള്ള 200, 2000 നോട്ടുകള്‍ കീറിപ്പോയാല്‍ പിന്നെ മറന്നേക്കുക.

ഉപയോഗം മൂലം കേടുപാട് പറ്റിയതോ, കീറിയതോ, ഒട്ടിച്ചതോ ആയ നോട്ടുകളാണ് ബാങ്കുകള്‍ സാധാരണ കൈപ്പറ്റാറുള്ളത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ മഞ്ഞ നിറത്തിലുള്ള 200, വയലറ്റ് നിറത്തിലുള്ള 2000 നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പുതിയ നീലനിറത്തിലുള്ള 50 രൂപ നോട്ടുകളും ഈയിടെ പുറത്തിറക്കിയിരുന്നു. രാജ്യത്ത് നിലവില്‍ ക്രയവിക്രയം നടക്കുന്ന നോട്ടുകളില്‍ 35 ശതമാനത്തോളം 2000 രൂപയുടെ നോട്ടുകളാണ്. 18.43 ലക്ഷം കോടി രൂപയില്‍ ഏകദേശം 6.70 ലക്ഷം കോടി 2000 നോട്ടുകളാണുള്ളത്.