യാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന; പിന്നെ ഒന്നും നോക്കിയില്ല…നിമിഷ നേരം കൊണ്ട് ബസ് ആശുപത്രിയിലെത്തി: അങ്ങനെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഹീറോ ആയി

single-img
14 May 2018

തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകള്‍ കൊണ്ട് 12 കിലോമീറ്റര്‍ അകലെയുള്ള എസ്എടി ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അഭിനന്ദനപ്രവാഹം.

ഇന്ന് രാവിലെ 8.45 നാണ് സംഭവം. കെ.എസ്.ആര്‍.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വട്ടപ്പാറ എന്ന സ്ഥലത്തു വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാര്‍ പകച്ചു നിന്നപ്പോഴാണ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ഉണ്ടായത്.

ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. പൊലീസിനെയും വിവരമറിയിച്ചു. കേശവദാസപുരത്ത് കാത്തുകിടന്ന പൊലീസ് തുടര്‍ന്നുള്ള യാത്രയില്‍ വഴിയൊരുക്കി.

ഗതാഗതക്കുരുക്ക് രൂക്ഷമായ ഈ റൂട്ടില്‍ യാത്ര എളുപ്പമായിരുന്നില്ല. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെയാണ് ആശുപത്രി വരെയെത്തിയത്. യുവതിയെ സുരക്ഷിതമായി ആശുപത്രിയിലേക്കു മാറ്റിയശേഷം യാത്രക്കാരുമായി തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെത്തിയ ബസ് യാത്ര തുടര്‍ന്നു.