ശുചിമുറിയുടെ വെന്റിലേറ്റര്‍ അറുത്തുമാറ്റി; ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടത് 15 കുട്ടികള്‍

single-img
14 May 2018

ഹൈദരാബാദ്: കൊലക്കേസ് ഉള്‍പ്പടെ നിരവധി കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന 15ഓളം ആണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ഹൈദരാബാദിനടുത്ത് സായിദാബാദിലെ ജുവനൈല്‍ ഹോമിലെ കുട്ടികളാണ് രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ജുവനൈല്‍ ഹോം സൂപ്പര്‍വൈസര്‍മാരെ തെലങ്കാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ മോഷ്ടിച്ചാണ് രണ്ടു പേര്‍ രക്ഷപ്പെട്ടത്. ആദ്യം ബൈക്ക് മോഷണം സംബന്ധിച്ച പരാതിയാണു പൊലീസിനു ലഭിച്ചത്. പിന്നീടു നടത്തിയ സിസിടിവി ദൃശ്യ പരിശോധനയിലാണു കുട്ടികള്‍ പല സംഘങ്ങളായി പോകുന്നതു കണ്ടെത്തിയത്.

ഇവരില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ശുചിമുറിയിലെ വെന്റിലേറ്ററിന്റെ ഇരുമ്പഴികള്‍ മുറിച്ചു മാറ്റിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. നിരീക്ഷണാലയത്തിനു മതിലുണ്ടെങ്കിലും അതും ഇവര്‍ ചാടിക്കടന്നു. 14നും 16നും ഇടയ്ക്കു പ്രായമുള്ളവരാണു രക്ഷപ്പെട്ടത്.