മോദിയോട് നാവടക്കാന്‍ പറയൂ; രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്

single-img
14 May 2018


രാഷ്ട്രീയ എതിരാളികളെ കുറിച്ച് അനാവശ്യവും ഭീഷണിയുടെ സ്വരത്തിലുമുള്ള ഭാഷ ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

‘കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നു ശ്രദ്ധിക്കണം. നിങ്ങള്‍ പരിധി ലംഘിച്ചാല്‍ ഇതു നരേന്ദ്രമോദിയാണ്. നിങ്ങള്‍ക്കു തിരിച്ചടി ലഭിച്ചിരിക്കും’–കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നടത്തിയ ഈ പ്രസംഗത്തിന്റേത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണു കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മോദി മാപ്പു പറയണമെന്നും കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ഭീഷണിക്കു മുന്നില്‍ ഭയപ്പെട്ടു പോകുന്നവരല്ല കോണ്‍ഗ്രസെന്നും നേതാക്കള്‍ വ്യക്തമാക്കി. നാളെയാണു കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.