അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന് ഹരിയാന മന്ത്രി

single-img
14 May 2018

മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം ക്യാമ്പസില്‍ വച്ചതിനെ ചൊല്ലിയുള്ള വിവാദവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ആക്രമണം നടക്കുന്ന അലിഗഡ് മുസ്ലീം സര്‍വകലാശാലയെ വീണ്ടും വിവാദത്തിലാക്കുന്ന പ്രസ്താവനയുമായി ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന് ക്യാപ്റ്റന്‍ അഭിമന്യു ആവശ്യപ്പെട്ടു.

അലിഗഡുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘രാജ്യത്തെ വിഭജിച്ച വ്യക്തിയുടെ ചിത്രമാണ്’ സര്‍വകലാശാലയില്‍ വച്ചിരിക്കുന്നതെന്നായിരുന്നു അഭിമന്യൂ അഭിപ്രായപ്പെട്ടത്. എന്നാല്‍ സര്‍വകലാശാലയ്ക്കു വേണ്ടി ഭൂമി ദാനം ചെയ്ത് ജാട്ട് രാജാവ് രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ ചിത്രം സര്‍വകലാശാലയില്‍ എവിടെയും വെച്ചിട്ടില്ല.

സര്‍വകലാശാലയുടെ പേര് രാജാ മഹേന്ദ്ര പ്രതാപ് വിശ്വവിദ്യാലയ എന്നാക്കി മാറ്റണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് രാജാ മഹേന്ദ്ര പ്രതാപ് നല്‍കിയ സംഭാവന മറക്കാന്‍ കഴിയില്ലെന്നും റിവാരിയില്‍ ജാട്ട് ധര്‍മ്മശാലയില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ക്യാമ്പസില്‍ കടന്നുകയറി അതിക്രമം നടത്തിയവര്‍ക്കെതിരെ അലിഗഡ് ജില്ലാ ഭരണകൂടം പോലും നടപടിക്ക് മുതിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി.

അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ വൈസ് ചാന്‍സലര്‍ താരീക് മന്‍സൂറിനോട് വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സതീഷ് ഗൗതം കത്തയക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ച്‌ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.പി സാവിത്രി ഭായ് ഫുലേയും ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയും രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ സ്ഥാപിക്കുന്നതിന് മുമ്ബ് ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ജിന്ന. അദ്ദേഹത്തിന് നേരെ വിരള്‍ ചൂണ്ടുന്നത് നമുക്ക് നാണക്കേടാണെന്നും ഇരുവരും പറഞ്ഞിരുന്നു.