സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു; ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം

single-img
14 May 2018

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്തുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എമ്മുകാരും തമ്മില്‍ വ്യാപക സംഘര്‍ഷം. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനേയും ഭാര്യയേയും ജീവനോടെ കത്തിച്ചു. ദിബുദാസ്, ഭാര്യ ഉഷാ ദാസ് എന്നിവരാണ് മരിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസാണ് സംഭവത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമസംഭവങ്ങളില്‍ പലയിടങ്ങളിലായി 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ബാംഗറില്‍ രണ്ടു ബൂത്തുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

അസന്‍സോളില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സുക്താബേരി ജില്ലയില്‍ തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ എം.ജെ.എന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അക്രമത്തിന് ശമനമുണ്ടായിട്ടില്ല. നടാബരി ബൂത്തില്‍ ബി.ജെ.പി ഏജന്റ് ബാലറ്റ് പെട്ടിയുമായി ഓടിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഭംഗറില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായി.

കാമറകളും മറ്റും തകര്‍ക്കുകയും ചെയ്തു. ഈസ്റ്റ് മിഡ്‌നാപൂരിലെ പഷ്‌കുരയില്‍ പോളിംഗ് ബൂത്തിനകത്ത് യുവാവ് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, മുഖം തൂവാല കൊണ്ട് മറച്ചായിരുന്നു യുവാവ് എത്തിയത്. രാജര്‍ഹത്തിലെ പതര്‍ഘടയില്‍ ബാലറ്റ് പെട്ടിയില്‍ അക്രമികള്‍ വെള്ളം ഒഴിച്ചു. ജല്‍പയ്ഗുരി ബാലറ്റ് പെട്ടി അഗ്‌നിക്കിരയാക്കി.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ തമ്മിലാണ് ബംഗാളില്‍ പ്രധാനമത്സരം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍, ആരോപണം തൃണമൂല്‍ നിഷേധിച്ചു. ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതു വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇത് ഏപ്രില്‍ 23 വരെ നീട്ടിയിരുന്നു.

3,358 ഗ്രാമപഞ്ചായത്തുകളിലെ 16,814 വാര്‍ഡുകളിലും 341 പഞ്ചായത്ത് സമിതികളിലെ 9,217 സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.