സി.പി.എം പ്രവര്‍ത്തകന്‍ ബാബു വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
14 May 2018

മാഹി: സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായവരില്‍ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു.

നേരത്തെ വിവാഹ ദിവസം ജെറിന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് പുതുച്ചേരി പൊലീസ് രേഖപ്പെടുത്തിയത്.

ജെറിന്‍ സുരേഷ് കേസിലെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും, വിലപ്പെട്ട വിവരങ്ങള്‍ ഇയാള്‍ വഴി പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. മൊത്തം എട്ട് അംഗ സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ഇവരെല്ലാം പാനൂര്‍ ചെണ്ടയാട് ഭാഗത്തുള്ളവരാണ്. 13 പേരെ ചോദ്യം ചെയ്യാനായി നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍പെട്ട മൂന്ന് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പുതുച്ചേരി എസ്.എസ്.പി അപൂര്‍വ്വ ഗുപ്ത പള്ളൂര്‍ സ്റ്റേഷനില്‍ ക്യാമ്പ് ചെയ്താണ് കേസന്വേഷിക്കുന്നത്.

അതിസമര്‍ത്ഥമായാണ് ജെറിന്‍ സുരേഷിനേയും, സുഹൃത്തുക്കളേയും പള്ളൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ വീട്ടില്‍ വെച്ച് അതീവ രഹസ്യമായാണ് ഇവരെ പൊക്കിയത്. വിവരം വീട്ടുകാര്‍ പോലുമറിഞ്ഞിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ സ്റ്റേഷനിലുള്ള വിവരം തന്നെ വീട്ടുകാര്‍ അറിയുന്നത്.

ഇതോടെ ഇന്നലെ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന ഇയാളുടെ വിവാഹവും മുടങ്ങിയിരുന്നു. പിണറായി പടന്നക്കരയിലെ പെണ്‍കുട്ടിയുമായിട്ടായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ജെറിന്‍ സുരേഷ് ഈ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

കല്യാണദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് ജെറിന്‍ സുരേഷ് ഉള്‍പ്പടെ സുഹൃത്തുക്കളായ 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി നേതാക്കളെത്തി സംസാരിച്ചെങ്കിലും പ്രതിശ്രുത വരനെ വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്.

പൊലീസ് കസ്റ്റഡിയില്‍ വിവാഹം നടത്താനുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന പോലും അംഗീകരിക്കപ്പെടാതെ വന്നപ്പോള്‍ അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുണ്ടായി. എന്നാല്‍ ചടങ്ങുകളില്ലാതെ ബന്ധുക്കള്‍ വധുവിനെ വരന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴിന് രാത്രി ഒമ്പതുമണിയോടെയാണ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകം ന്യൂ മാഹി മലയാള കലാഗ്രാമത്തിന് സമീപത്തായി ആര്‍.എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചിയിലെ ഷമേജും കൊല്ലപ്പെട്ടിരുന്നു.